അബ്ദുൽ റൗഫ് അസ്ഹർ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനറാഞ്ചലിന്‍റെയും 2001ലെ പാർലമെന്‍റ് ആക്രമണത്തിന്‍റെയും സൂത്രധാരനാണ്.
2007ൽ മസ്ഊദ് അസ്ഹർ ഒളിവിൽ പോയതിനു പിന്നാലെയാണ് അബ്ദുൽ റൗഫ് ജെയ്ശെ മുഹമ്മദിന്‍റെ സുപ്രീം കമാൻഡറായി ചുമതലയേറ്റത്. 2001ലെ പാർലമെന്‍റ് ആക്രമണം, 2002ൽ പത്രപ്രവർത്തകനായ ഡാനിയൽ പേളിന്‍റെ കൊലപാതകം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യക്കെതിരെ സമീപകാലത്തു നടന്ന ഭീകരാക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്തത് അബ്ദുൽ റൗഫിന്‍റെ നേതൃത്വത്തിലായിരുന്നു എന്നാണ് വിവരം. 2010ൽ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ സേന ബുധനാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.
ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്‍റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.
1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ബുധനാഴ്ച പുലർച്ചെ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.