കേന്ദ്ര ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ വിശാല പ്രതിപക്ഷ യോഗം ബഹിഷ്കരിക്കുമെന്ന് ആം ആദ്മി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരുമിച്ച് നേരിടാനൊരുങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ സുപ്രധാന യോഗത്തിന് മണിക്കൂറുകൾക്ക് മുൻപ് ആം ആദ്മി പാർട്ടിയുടെ അന്ത്യശാസനം. ഡൽഹിയുടെ ഭരണപരമായ സേവനങ്ങൾ പുനഃക്രമീകരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ വിവാദ ഓർഡിനെൻസിനെതിരായ പോരാട്ടത്തെ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ വെള്ളിയാഴ്ച പാറ്റ്നയിൽ നടക്കുന്ന വിശാല പ്രതിപക്ഷയോഗം ബഹിഷ്കരിക്കുമെന്നാണ് ആം ആദ്മി പാർട്ടിയുടെ ഭീഷണി.

വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഒരു ദിവസം മുമ്പ് എ.എ.പി അധ്യക്ഷൻ കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭ്യർത്ഥന ചർച്ച ചെയ്യാൻ പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചില്ലെന്നാണ് പരാതി. ഓർഡിനൻസ് ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രശ്നമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന് ഇത്തരം ഓർഡിനൻസുകൾ പാസാക്കാമെന്നും കത്തിൽ കെജ്രിവാൾ പറഞ്ഞിരുന്നു.

"ഒന്നൊന്നായി, മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യം ഇല്ലാതാക്കപ്പെടും, ഗവർണറുടെയും ലഫ്റ്റനന്റ് ഗവർണറുടെയും ഓഫീസ് വഴി പ്രധാനമന്ത്രി എല്ലാ സംസ്ഥാന സർക്കാരുകളെയും നിയന്ത്രിക്കും," - കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പോലീസ്, ഭൂമി, പൊതു ഉത്തരവ് എന്നിവ ഒഴികെയുള്ള സേവനങ്ങളുടെ നിയന്ത്രണം ഡൽഹിയിൽ അനുവദിച്ചുകൊണ്ടുള്ള സമീപകാല സുപ്രീം കോടതി വിധിയെ ഇത് തുരങ്കം വയ്ക്കുമെന്നും ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, എ.എ.പിയുടെ  ഭീഷണിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ മറുപടി ഇങ്ങനെയായിരുന്നു. "അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ആരും അദ്ദേഹത്തെ മിസ് ചെയ്യില്ല. ഈ മീറ്റിംഗിൽ പോകാതിരിക്കാൻ ഒഴികഴിവുകൾ തേടുകയാണ്. യോഗത്തിൽ പങ്കെടുക്കരുതെന്ന് ഉന്നതങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചിരിക്കണം".

അതേസമയം, നാളെ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിൽ ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍(ഡി.എം.കെ), അഖിലേഷ് യാദവ് (സമാജ്‌വാദി), സീതാറാം യെച്ചൂരി (സി.പി.ഐ.എം) മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.

Tags:    
News Summary - AAP warns to walk out of Opposition meeting if Congress does not support its fight against Centre’s ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.