വെടിയേറ്റ് മരിച്ച പഞ്ചാബ് എം.എൽ.എ  ഗുർപ്രീത് ഗോഗി ബസ്സി

പഞ്ചാബിൽ എ.എ.പി എം.എൽ.എ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ എ.എ.പി എം.എൽ.എ ഗുർപ്രീത് ഗോഗി ബസ്സി(58) ദുരൂഹ സാഹചര്യത്തിൽ​ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെടിയേറ്റ് തന്നെയാണോ മരിച്ചത് എന്നത് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. ലുധിയാന വെസ്റ്റ് മണ്ഡലം എം.എൽ.എയാണ് ഗുർപ്രീത്.

എ.എ.പി ജില്ലാ പ്രസിഡൻ്റ് ശരൺപാൽ സിങ് മക്കറും പൊലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു.

ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമീഷണര്‍ പറഞ്ഞു. എം.എൽ.എക്ക് വെടിയേറ്റു എന്ന വാർത്തയറിഞ്ഞയുടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു പൊലീസ് കമീഷണർ.

2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എം.എൽ.എയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിങ് ഇൻഡിയോട് പരാജയപ്പെട്ടു.

ബുദ്ധനുല്ലയുടെ ശുചീകരണ യജ്ഞത്തിനായി എം.എൽ.എ പഞ്ചാബിലെ വിധാൻ സഭ സ്പീക്കർ കുൽതാർ സിങ് സാന്ധവാനുമായും എം.പി സന്ത് ബാബ ബൽബീർ സിങ് സീചെവാളുമായും ലുധിയാനയിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2022ൽ ബുദ്ധനുല്ലയിലെ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വൈകുന്നതിൽ എം.എൽ.എ നിരാശ പ്രകടിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് സ്പീക്കർ വാഗ്ദാനം നൽകി.

മരിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രാചിൻ ഷീറ്റ്‌ല മാതാ മന്ദിറും സന്ദർശിക്കുകയുണ്ടായി. രണ്ട് ദിവസം മുമ്പ് ക്ഷേത്രത്തിൽ നിന്ന് വെള്ളി മോഷ്ടിച്ച മോഷ്ടാക്കളുടെ സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

Tags:    
News Summary - AAP Punjab MLA Gurpreet Gogi Bassi found dead due to gunshot wound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.