കർഷക സുരക്ഷക്ക്​ പഞ്ചാബ്​ പൊലീസിനെ നിയോഗിക്കണമെന്ന്​ ആം ആദ്മി പാർട്ടി​

ന്യൂൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക്​ സുരക്ഷ ഒരുക്കാൻ പഞ്ചാബ്​ പൊലീസിനെ നിയോഗിക്കണമെന്ന്​ ആം ആദ്​മി പാർട്ടി (എ.എ.പി). ഈ ആവശ്യമുന്നയിച്ച്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്​ എ.എ.പി പഞ്ചാബ് യൂനിറ്റ് കോ-ഇൻചാർജും എം.എൽ.എയുമായ രാഘവ് ചദ്ദ കത്തയച്ചു.

കഴിഞ്ഞ ദിവസം സിംഗു അതിർത്തിയിലെ സമര ക്യാമ്പിനുനേരെ സംഘ്​ പരിവാർ ഒത്താശയോടെ നടന്ന അക്രമത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ചദ്ദയുടെ ഇടപെടൽ. കർഷകർക്ക്​ നേരെ നടന്ന ആക്രമണം കൈയുംകെട്ടി​ നോക്കിനിന്ന ഡൽഹി പൊലീസ്,​ ഗുണ്ടകൾക്ക്​ സഹായം ചെയ്​തതായും അദ്ദേഹം ആരോപിച്ചു.

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രണ്ട് മാസമായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സമരക്കാർക്ക്​ നേരെ ഇനിയും അക്രമത്തിന്​ സാധ്യതയുണ്ട്​. ഇത്​ തടയാൻ പഞ്ചാബ്​ പൊലീസിനെ സമര ക്യാമ്പുകൾക്ക്​ ചുറ്റും നിയോഗിക്കണം. റോഡുകളിൽ കഴിയുന്ന കർഷകർക്ക് പഞ്ചാബ് സർക്കാർ ഉചിതമായ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തണമെന്നും സമരകേന്ദ്രങ്ങൾ സന്ദർശിച്ച എം‌.എൽ.‌എ ആവശ്യപ്പെട്ടു.

കർഷകരെ ഭിന്നിപ്പിച്ച്​ സമരം ദുർബലമാക്കാനാണ്​ സർക്കാർ ശ്രമം. ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന നിർഭാഗ്യകരമായ സംഭവം സമരമുന്നേറ്റം തടയാനുള്ള മനപൂർവമായ ശ്രമമാണെന്നും രാഘവ് ചദ്ദ ആരോപിച്ചു. 

Tags:    
News Summary - AAP MLA writes to Punjab CM, seeks police protection for protesting farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.