വിജയ്
തമിഴക വെട്രി കഴകം പാർട്ടിനേതാവും പ്രമുഖ തമിഴ്നടനുമായ വിജയ് യുടെ നീലങ്കരൈയിലുള്ള വീടിനുമുകളിൽ ബുധനാഴ്ച അജ്ഞാതനെ സുരക്ഷാജീവനക്കാർ പിടികൂടി. തമിഴക രാഷ്ട്രീയത്തിൽ സജീവമായ വിജയ് യുടെ സുരക്ഷ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിവരുന്നതായി സുരക്ഷാചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വീടിന്റെ മേൽക്കൂരക്ക് മുകളിലാണ് യുവാവിനെ കണ്ടത്. 24 വയസ്സുള്ള യുവാവിനെ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. വേലചേരിയിൽ ബന്ധുവിനൊപ്പം താമസിക്കുന്ന യുവാവ് മാനസിക നില തെറ്റിയ നിലയിലാണ് കാണപ്പെട്ടത്. പൊലീസ് അന്വേഷണത്തിനുശേഷം യുവാവിനെ സർക്കാർ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
വീടിന് മുകളിൽ എങ്ങനെ കയറി എന്നകാര്യത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം മാനസികനില തെറ്റിയ ഒരാൾ കോയമ്പത്തൂരിലെ സുലൂർ എയർഫോഴ്സ് ബേസിലേക്ക് കടക്കുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യംചെയ്യലിൽ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന യുവാവ് ബിഹാറിയാണോയെന്ന് സംശയിക്കുന്നു.
ഹിന്ദി ഭാഷയിൽ ചോദിച്ചിട്ടും പ്രതികരിച്ചില്ലെന്നതിനാൽ തുടർ ചോദ്യം ചെയ്യലിനായി ബിഹാറി ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.