മധുര: ക്രിസ്തുമതം സ്വീകരിച്ചയാള്‍ക്ക് സ്വയം ഒരു ‘ഹിന്ദു’വായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി. 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം അനുസരിച്ച് മതം മാറിയ വ്യക്തിക്ക് പട്ടികജാതി സംവരണം നൽകുന്നത് നീതീകരിക്കാനാവില്ല.
പട്ടികജാതി സംവരണം നൽകുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതാണെന്നും മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂര്‍ പഞ്ചായത്തിലെ വനിതാ ചെയര്‍പേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് പൊതുജോലിക്ക് വേണ്ടി പട്ടികജാതിക്കാരിയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ പ്രതിനിധിയായ അമുദ റാണിക്കെതിരെ വി. ഇയ്യപ്പന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
പഞ്ചായത്തിലെ ഹിന്ദു, സിഖ്, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാള്‍ മതം മാറിയാല്‍ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി. ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്. അമുദ റാണി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും 2005ല്‍ അവര്‍ വിവാഹസമയത്ത് ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും ഇയ്യപ്പന്‍ കോടതിയെ അറിയിച്ചു.
2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നായിരുന്നു വി. അമുദ റാണി കന്യാകുമാരി തെരൂര്‍ പഞ്ചായത്തംഗമായത്. ഇവരെ പഞ്ചായത്ത് ചെയര്‍പേഴ്സനായി തെരഞ്ഞെടുത്തതിനെതിരെ 2023ല്‍ ആണ് പട്ടികജാതിക്കാരനായ വി. ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.