ലഖ്നോ: നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. ഉത്തർപ്രദേശിലെ ലളിത്പൂർ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം സംഭവത്തിൽ തങ്ങൾ ഉത്തരവാദികൾ അല്ലെന്നും കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയിൽ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ആവശ്യമായ ശരീര ഭാഗങ്ങൾ ഇല്ലാതിരുന്ന കുട്ടിയെ അസുഖങ്ങൾ കാരണം സ്പെഷ്യൽ ന്യൂബോൺ കെയർ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. മീനാക്ഷി സിങ് പറഞ്ഞു. കുഞ്ഞിന്റെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എസ്.എന്‍.സി.യുവിലേക്ക് മാറ്റിയ കുഞ്ഞ് അന്ന് വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം കുഞ്ഞിന്റെ ബന്ധുക്കൾക്ക് മാറിയെന്നും അവർ അത് ഒപ്പിട്ട് വാങ്ങിച്ചെന്നും അതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും ആശുപത്രിയുടെ ടാഗ് ഉണ്ടായതിനാലാണ് കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.