അഹ്മദാബാദ്: മെഡിക്കൽ വിദ്യാർഥികൾക്കും പ്രഫസർമാർക്കും പതിവായി ഉച്ച ഭക്ഷണം നൽകിയിരുന്നത് ആ അമ്മയായിരുന്നു. ചപ്പാത്തിയും കറികളും ചില ഗുജറാത്തി വിഭവങ്ങളും അവർ ഉണ്ടാക്കിവെക്കും. മകനത് മെഡിക്കൽ കോളജ് ക്യാംപസിൽ എത്തിക്കും. അതായിരുന്നു പതിവ്. എന്നാൽ അഹ്മദാബാദിലെ മേഘാനി പ്രദേശത്ത് പി.ജി ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം തകർന്നുവീണതോടെ എല്ലാം അവസാനിച്ചു. വിമാനാപകടം നടക്കുമ്പോൾ ആ അമ്മയും രണ്ടു വയസുള്ള പേരക്കുട്ടിയും മെഡിക്കൽ കോളജ് പരിസരത്തുണ്ടായിരുന്നു. അമ്മയുടെയും തന്റെ കുഞ്ഞിന്റെയും മൃതദേഹങ്ങൾക്കായി കാത്തിരിക്കുകയാണ് മകൻ.
ആ അമ്മയുടെ പേര് ശർലബെൻ താക്കൂർ എന്നാണ്. ബി.ജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കാന്റീനിലേക്കാണ് അവർ ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നത്. അപകടം നടക്കുന്ന സമയത്ത് ശർലബെനും രണ്ടുവയസുള്ള പേരക്കുട്ടി അധ്യയും ഹോസ്റ്റൽ പരിസരത്തുണ്ടായിരുന്നു.
അപകടം നടന്ന് 24 മണിക്കൂറിന് ശേഷം, സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നത് തുടർന്നു. എന്നാൽ ശർലബെൻ താക്കൂറിന്റെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
അപകട സമയം ശർലബെന്റെ മാൻ രവിസിവിൽ ആശുപത്രിയിലേക്ക് ടിഫിൻ ബോക്സുകൾ വിതരണം ചെയ്യുകയായിരുന്നു. ''മറ്റേതൊരു ദിവസം പോലെ തന്നെയായിരുന്നു അന്നും. ആശുപത്രിയിലെ ജീവനക്കാർക്കും ഹോസ്റ്റലിലേക്കും ഭക്ഷണപ്പൊതികൾ നൽകാൻ ഉച്ചക്ക് ഒരു മണിയോടെ ഇറങ്ങി. തിരിച്ചുവരുമ്പോഴാണ് വിമാനം തകർന്ന വിവരം അറിയുന്നത്. ഹോസ്റ്റൽ കാന്റീനിൽ എന്റെ അമ്മ ഇരുന്നിരുന്ന സ്ഥലത്തേക്കാണ് വിമാനം തകർന്നു വീണതെന്ന് മനസിലായി. മകളും അമ്മക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾക്കവരെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. എവിടെ പോയി തിരയും ഞങ്ങളവരെ? രവി ചോദിക്കുന്നു.
വ്യാഴാഴ്ചയാണ് അഹ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. ടേക്ക് ഓഫ് ചെയ്ത് 32 സെക്കന്റുകൾക്കകമാണ് വിമാനം താഴേക്ക് പതിച്ചത്. താഴെ വീണ് അഗ്നിഗോളമായി മാറിയ വിമാനത്തിൽ നിന്ന് ബ്രിട്ടീഷ്-ഇന്ത്യൻ പൗരനായ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.