സ്കൂൾ കാന്റീനിൽ പതുങ്ങിയിരുന്ന് പുള്ളിപ്പുലി; അറിയാതെയെത്തിയ ജീവനക്കാർ ചെയ്തത്...

മുംബൈ: മഹാരാഷ്ട്രയിലെ ജവഹർ നവോദയ സ്കൂൾ കാന്റീനിൽ ശുചീകരണ ജീവനക്കാർ രാവിലെ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാന്റീനിലെ ഇരിപ്പിടത്തിനടയിൽ ചുരുണ്ട് വിശ്രമിക്കുകയാണ് കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാൻ പോലും മറന്ന് ഒരു നിമിഷം നിന്നു​പോയ ജീവനക്കാൻ അടുത്ത നിമിഷം ഉണർന്ന് പ്രവർത്തിച്ചു. ജീവനക്കാർ ഓടി പുറത്തിറങ്ങി. കാന്റീനിന്റെ വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടർന്ന് സ്കൂൾ അധികൃതർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു.

തകലി ദോകേശ്വർ ഗ്രാമത്തിലാണ് സ്കൂൾ. പുലിയെ പിടിക്കാൻ ​വല, കൂട് തുടങ്ങി സർവ വിധ സന്നാഹവും ഡോക്ടറും സഹിതമാണ് രക്ഷാപ്രവർത്തകർ സ്കൂളിലെത്തിയത്. പുലിയുള്ള കാന്റിനിന്റെ എല്ലാ ഇടങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. കാന്റീൻ ചുമരിൽ ചെറിയ ദ്വാരമുണ്ടാക്കി ക്യാമറ സ്ഥാപിച്ച് പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു.

എന്നാൽ പേടിച്ചരണ്ട പുലി കാന്റീനിൽ ഒരു മൂലയിൽ മറ്റേതിലേക്ക് നിതന്തരം മാറിക്കളിച്ചു. നാലു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ കൈത്തക്കത്തിന് കിട്ടയപ്പോൾ വെറ്ററിനറി ഡോക്ടർ ഡോ. നിഖിൽ ബൻഗർ മയക്ക് മരുന്ന് നിറച്ച ഇഞ്ചക്ഷൻ ദ്വാരത്തിലൂടെ പുലിക്ക് കുത്തിവെച്ചു. മയങ്ങിയ പുലിയെ കൂട്ടിലേക്ക് മറ്റി.

എട്ടു വയസുള്ള പുലിയുടെ ദേഹത്ത് നിരവധി മുറിവുകൾ ഉണ്ട്. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും വാലിലുമെല്ലാം മാന്ത് ഏറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. മറ്റൊരു പുലിയുമായി വിഹാരമേഖലക്കായി പോരാട്ടമുണ്ടായിട്ടുണ്ടെന്ന് ഊഹിക്കേണ്ടി വരുമെന്ന് ഡോ. നിഖിൽ ബൻഗർ പറഞ്ഞു. അങ്ങനെ രക്ഷപ്പെടാൻ വേണ്ടിയായിരിക്കാം സ്കൂൾ കാന്റീനിൽ കയറിയത്. അടുക്കയിലെ ജനലിലൂടെ അകത്തുകയറിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലി നിലവിൽ ജുന്നാറിലെ ലപേർഡ് കെയർ സെന്ററിൽ ചികിത്സയിലാണ്.

Tags:    
News Summary - A leopard lurking in the school canteen; This is how the employees trapped the big cat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.