നോയിഡ: ഇന്റനാഷണൽ പൊലീസ് ആന്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിൽ പ്രവർത്തിക്കുന്ന വൻ തട്ടിപ്പുസംഘം ഡെൽഹിയിലെ നോയിഡയിൽ പിടിയിൽ. ഇതിൽപ്പെട്ട ആറുപേരെ നിരവധി രേഖകളുമായാണ് അറസ്റ്റ് ചെയ്തത്.
നോയിഡയിലെ സെക്ടർ 70 ൽ പ്രവർത്തിക്കുന്ന സംഘം, അന്തർദേശീയ അന്വേഷണ സംഘമായ തങ്ങൾക്ക് ഇന്റർപോളുമായും മനുഷ്യവകാശ കമീഷനുമായും ബന്ധമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവരിൽ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്. ചുവപ്പും നീലയും പതിച്ച പൊലീസിന്റേതുപോലെ തോന്നിക്കുന്ന ബോർഡും പൊലീസിന്റെ ചിഹ്നവും ധരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
ഗാസിയാബാദ് പൊലീസ് ഒരു വ്യവസായിയെ അറസ്റ്റ് ചെയ്തപ്പോഴാണ് വൻ തട്ടിപ്പുസംഘം കുടുങ്ങുന്നത്. അംഗീകാരമില്ലാത്ത ചെറു രാജ്യങ്ങളായ വെസ്റ്റാർട്ടിക്ക, പൗലോവിയ എന്നിവിടങ്ങളിലെ നയതന്ത്രജ്ഞനാണ് താനെന്നാണ് ഈ തട്ടിപ്പുകാരൻ അവകാശപ്പെട്ടത്.
തങ്ങൾ യഥാർത്ഥ പൊലീസുകാരൊണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവർ പലരെയും പറ്റിച്ചിട്ടുണ്ട്. അറസ്റ്റിലയവരെല്ലാം ബംഗാൾ സ്വദേശികളാണ്. ഇവർ രണ്ടുമാസമായി ഇവിടെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവിടെ ഇവർ ഓഫിസ് തുടങ്ങിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂ.
അടുത്തിടെ ഒരു വസ്തുതർക്കത്തിൽ ഇവർ പൊലീസുമായി ചർച്ചയിലേർപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് പൊലീസ് അന്വേഷിച്ചത്.പല ഗവൺമെന്റ് രേഖകളുടെയും പൊലീസ് തിരിച്ചറിയൽ കാർഡുകളുടെയും വ്യാജ പകർപ്പുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആയുഷ് മന്ത്രാലയം, ട്രൈബൽ അഫയേഴ്സ്, സാമൂഹികനീതി തുടങ്ങിയ ഗവൺമെന്റ് സംവിധാനങ്ങളുടെ വ്യാജരേഖകൾ പിടിച്ചെടുത്തു.
കൂടാതെ അന്തർദേശീയ മനുഷ്യാവകാശ കമീഷൻ, സ്പെഷൽ മോനിറ്ററിങ് മിഷൻ സ്വിറ്റ്സർലന്റ് തുടങ്ങിയവയുടെ തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു. ഇവർക്തെിരെ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കമീഷണർ ശക്തി മോഹൻ അവസ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.