മധ്യപ്രദേശിലെ സ്കൂളിൽ തേനീച്ച ആക്രമണം; ഒമ്പതുവയസ്സുകാരൻ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ഭോപാൽ: മധ്യപ്രദേശിലെ സ്കൂളിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒമ്പതുവയസ്സുകാരൻ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരീക്ഷ എഴുതാൻ സ്കൂളിലെത്തിയ വിദ്യാർഥികളെയാണ് തേനീച്ച ആക്രമിച്ചത്. അഗർ മാൽവ ജില്ലയിലെ സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം.

സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. സ്കൂൾ കോമ്പൗണ്ടിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. മറ്റു കുട്ടികൾ ഓടിമാറിയെങ്കിലും നാലാം ക്ലാസ് വിദ്യാർഥിയായ രാമൻ കാരഡ തേനീച്ച കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. അധ്യാപകരും ജീവനക്കാരും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് നിരവധി തവണ തേനീച്ചയുടെ ​കുത്തേറ്റു.

തുടർന്ന്, പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സക്കിടെ രാമന്റെ നില വഷളാകുകയും രാജസ്ഥാനിലെ ജലവാറിലെ ഒരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, ആരോഗ്യനില വഷളായ രാമൻ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സ്കൂളിലെ അഞ്ചോളം വിദ്യാർഥികൾക്കും തേനീച്ച ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

സ്കൂളിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ തേനീച്ച കൂട് തീർത്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ചിൽ മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ രൺപൂർ ഗ്രാമത്തിലെ അംഗൻവാടി കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 20 ഓളം കുട്ടികളെ തേനീച്ചകൾ ആക്രമിച്ചിരുന്നു. പാചകക്കാരിയുടെ കൃത്യമായ ഇടപെടൽമൂലം കുട്ടികൾക്ക് ഗുരുതര പരിക്കേറ്റിരുന്നില്ല. എന്നാൽ പാചകക്കാരിക്ക് നിരവധി തവണ കുത്തേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

Tags:    
News Summary - 9 Year Old Killed In Bee Attack In Madhya Pradesh School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.