വനിതാ ഹോസ്റ്റലിൽ നൂറിൽ 89 പേരെയും കാണ്മാനില്ല; മിന്നൽ പരിശോധനയിൽ വെട്ടിലായി യു.പിയിലെ സർക്കാർ സ്കൂൾ

ലഖ്നൗ: വനിതാ ഹോസ്റ്റലിൽ നിന്നും നൂറിൽ 89 വിദ്യാർഥികളേയും കാണാതായതിന് പിന്നാലെ ഹോസ്റ്റൽ വാർഡനുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാരിന്‍റെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു വിദ്യാർഥികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സ്കൂളിലാണ് സംഭവം.

തിങ്കളാഴ്ച അർധരാത്രിയോടെയാണ് ജില്ലാ മജിസ്ട്രേറ്റ് നേഹ ശർമ ഹോസ്റ്റലിൽ പരിശോധനക്കെത്തുന്നത്. ഹോസ്റ്റലിൽ അവശേഷിച്ചിരുന്ന പതിനൊന്ന് കുട്ടികളുമായി സംസാരിച്ച നേഹ, സ്കൂളിൽ നിന്നും ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറും ജില്ലാ കോർഡിനേറ്റർ ഗേൾ എജുക്കേഷൻ ഓഫീസറും സ്ഥലത്തെത്തിയിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും റസിഡൻഷ്യൽ സ്കൂളുകൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

"നൂറ് വിദ്യാർഥികളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ഇതിൽ 11പേർ മാത്രമാണ് നിലവിൽ ഹോസ്റ്റലിലുള്ളത്. ബാക്കി 89 പേരെ കുറിച്ചുള്ള ചോദ്യത്തിന് ഹോസ്റ്റൽ വാർഡന് കൃത്യമായ ഉത്തരം പറയാൻ സാധിച്ചിട്ടില്ല" ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

സംഭവത്തിൽ ജില്ലാ മജിസട്രേറ്റിന്‍റെ നിർദേശ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പ്രാഥമിക ശിക്ഷാ അധികാരി (ബി.എസ്.എ.ഐ) പ്രേം ചന്ദ് യാദവ് അറിയിച്ചു. സ്കൂൾ വാർഡൻ, അധ്യാപകൻ, വാച്ച്മാൻ തുടങ്ങിയവർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.  

Tags:    
News Summary - 89 of 100 students missing in girls hostel of UP government residential school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.