ന്യൂഡൽഹി: രാജ്യത്ത് 2024-25 വർഷത്തിൽ ഒറ്റ വിദ്യാർഥി പോലും പഠിക്കാനെത്താത്ത 7993 സ്കൂളുകളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. ഇവിടങ്ങളിൽ 20,817 അധ്യാപകർ ‘ജോലിയെടുക്കുന്നു’.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 3812 സ്കൂളുകളും 17,965 അധ്യാപകരുമാണുള്ളത്. തെലങ്കാനയിൽ 2245ഉം മധ്യപ്രദേശിൽ 463ഉം സ്കൂളുകളിലാണ് വിദ്യാർഥികളില്ലാത്തത്. ഉത്തർപ്രദേശിൽ 81 സ്കൂളുകളുണ്ട്. അതേസമയം, സ്കൂളുകളെ ലയിപ്പിച്ചും പുനഃക്രമീകരിച്ചും വിദ്യാർഥികളില്ലാത്ത സ്കൂളുകൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 12,954 ഇത്തരം സ്കൂളുകൾ ഉണ്ടായിരുന്നത് അയ്യായിരത്തോളം കുറക്കാൻ കഴിഞ്ഞു.
ഡൽഹിയിലും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര-നാഗർഹവേലി, അന്തമാൻ-നികോബാർ ദ്വീപ്, ദാമൻ-ദിയു, ഛണ്ഡിഗഢ് എന്നിവിടങ്ങളിലും വിദ്യാർഥികളില്ലാത്ത ഒറ്റ സ്കൂളുമില്ല. രാജ്യത്ത് ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ട്.
ഇവിടെ 33 ലക്ഷത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നു. ഏകാധ്യാപക സ്കൂളുകൾ കൂടുതലുള്ളത് ആന്ധ്രപ്രദേശിലാണ്. ഏകാധ്യാപക സ്കൂളുകൾ വർഷത്തിൽ ശരാശരി ആറ് ശതമാനം വെച്ച് കുറച്ചുകൊണ്ടുവരുന്നു. 2022-23 അധ്യയന വർഷത്തിൽ 1,18,190 ഉണ്ടായിരുന്നത് 2023-24 വർഷത്തിൽ 1,10,971 ആയി കുറഞ്ഞു. ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.