രാജ്യത്തെ 80 ശതമാനം മാധ്യമ സ്ഥാപനങ്ങൾക്കും മോദി വിധേയത്വമെന്ന് സർവേ

ന്യൂഡൽഹി: തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ബി.ജെ.പിയോട് വിധേയത്വമുണ്ടെന്നാണെന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും കരുതുന്നത് എന്ന് സർവേ റിപ്പോർട്ട്. ലോക്‌നീതിയും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്‌.ഡി.എസ്) പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഏത് പാർട്ടിയെയാണ് അനുകൂലിക്കുന്നതെന്ന ചോദ്യത്തിന് 82 ശതമാനം മാധ്യമ പ്രവർത്തകരും മറുപടി പറഞ്ഞത് ബി.ജെ.പിയെ എന്നാണ്.

മാധ്യമപ്രവർത്തകരുടെയും പ്രേക്ഷകരുടെയും ദൈനംദിന ജീവിതത്തിലുള്ള മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം വിലയിരുത്താൻ ലക്ഷ്യമിട്ട് ജൂലൈ 26ന് പ്രസിദ്ധീകരിച്ച 'ഇന്ത്യൻ മീഡിയ: ട്രെൻഡുകളും പാറ്റേണുകളും' എന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. രാജ്യത്തുടനീളമുള്ള പ്രിന്റ്, ടിവി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ 206 മാധ്യമപ്രവർത്തരെ ഉൾപ്പെടുത്തിയുള്ള സമഗ്രമായ സർവേ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത പത്രപ്രവർത്തകരിൽ 75 ശതമാനം പുരുഷന്മാരാണ്. പ്രായം, ഭാഷ, സീനിയോറിറ്റി ലെവൽ, മീഡിയ അസോസിയേഷൻ എന്നിവയടക്കം പരിഗണിച്ചാണ് പഠനം നടത്തിയത്.

മാധ്യമങ്ങൾ മോദിക്ക് അനുകൂലമായാണ് വാർത്തകൾ കവർ ചെയ്യുന്നതെന്ന് 80 ശതമാനം മാധ്യമപ്രവർത്തകരും അഭിപ്രായപ്പെട്ടു. മോദി സർക്കാറിനെ എതിർക്കുന്ന പാർട്ടികളെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ മീഡിയ കവർ ചെയ്യുന്നത് നീതിയുക്തമല്ലാതെയാണെന്നാണ് 61 ശതമാനം പേർ കരുതുന്നു.

ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾ അന്യായമായി മുസ്‌ലിം സമുദായത്തെ ലക്ഷ്യമിടുന്നുണ്ടോ എന്നായിരുന്നു സർവേയിലെ മറ്റൊരു ചോദ്യം. 26 ശതമാനം പേർ പൂർണമായും അതെ എന്ന് ഉത്തരം നൽകി. ചില കാര്യങ്ങളിൽ മുസ്‌ലിം സമുദായത്തെ അന്യായമായി ലക്ഷ്യമിടുന്നുണ്ടെന്നാണ് 33 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനിടെ, ശരിയായ രീതിയിൽ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം കുറവാണെന്നാണ് 72 ശതമാനം പേർ പ്രതികരിച്ചത്. മാധ്യമപ്രവർത്തനം തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പത്തിൽ ഏഴ് പേരും കരുതുന്നതെന്നും പഠന റിപ്പോർട്ട് പറയുന്നു. നാലിൽ മൂന്നുപേർ ഈ ജോലി മാനസികമായി മാത്രമല്ല, ശാരീരികമായും ബാധിക്കുന്നുണ്ടെന്നാണ് പറഞ്ഞത്.

Tags:    
News Summary - 80% journalists feel media covers Modi govt ‘too favourably’, survey reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.