എട്ടു ലോക്സഭ സീറ്റും 30 നിയമസഭ സീറ്റും വിട്ടു നൽകും; ആന്ധ്രയിൽ ബി.ജെ.പിയുമായി കൈകോർത്ത് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തെലുഗു ദേശം പാർട്ടിയുമായും ജനസേന പാർട്ടിയുമായും കൈകോർത്ത് ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആന്ധ്ര പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരും. ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വിട്ടു നൽകാമെന്നാണ് ബി.ജെ.പിക്ക് ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനം. അതുപോലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റും തെലുഗു ദേശം പാർട്ടി വിട്ടുനൽകും. ദിവസങ്ങളായി ബി.ജെ.പിയും ടി.ഡി.പിയും ജനസേനപാർട്ടിയും ഇതുസംബന്ധിച്ച് ചർച്ച തുടരുകയാണ്. ബി.ജെ.പി നേതൃത്വത്തെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായും ജെ.പി. നദ്ദയുമാണ് നായിഡുവുമായും പവൻ കല്യാണുമായും ചർച്ച നടത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വിശാഖപട്ടണവും വിജയവാഡയും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതേ സീറ്റിലേക്ക് ഉന്നതരെ മത്സരിപ്പിക്കാനാണ് ടി.ഡി.പി തീരുമാനിച്ചിരുന്നത്. 25 ലോക്സഭ മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. നാലിൽ കൂടുതൽ സീറ്റ് ബി.ജെ.പിക്ക് വിട്ടുനൽകാനാവില്ലെന്നായിരുന്നു നേരത്തേ നായിഡുവിന്റെ നിലപാട്. അതുപോലെ 175 നിയമസഭ മണ്ഡലങ്ങളിൽ15 എണ്ണം ബി.ജെ.പിക്ക് നൽകാമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ പിന്നീട് നായിഡു സീറ്റ് സംബന്ധിച്ച നിലപാടിൽ അയവു വരുത്തുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. സ്വന്തം ചിഹ്നത്തിൽ തന്നെ മത്സരിക്കേണ്ടതിനാൽ കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ബി.ജെ.പി തേടുന്നതും.

2018ലാണ് ടി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം പിളർന്നത്. ആന്ധ്രപ്രദേശിന് കേന്ദ്രം പ്രത്യേക പദവി അനുവദിച്ചില്ല എന്ന കാരണത്താലായിരുന്നു ടി.ഡി.പി സഖ്യം വിട്ടത്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നായിഡുവിന്റെ നീക്കമായിരുന്നു അതെങ്കിലും പാർട്ടിക്ക് വലിയ ക്ഷീണമായി. അന്നുമുതൽ ബി.ജെ.പിയോട് അടുക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ് നായിഡു. അതിനിടെ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വൈ.എസ്.ആർ.സി.പിയെ എൻ.ഡി.എയിൽ എത്തിക്കാനും ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാൽ പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡി ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്.

Tags:    
News Summary - 8 Lok Sabha, 30 Assembly seats: TDP’s counter offer to break logjam with BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.