അമരാവതി മുതൽ അകോല വരെയുള്ള ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്നു 

75 കി.മീറ്റർ ഹൈവേ നിർമ്മിക്കാൻ വെറും 108 മണിക്കൂർ ! പരീക്ഷണം വിജയിച്ചാൽ ലോക റെക്കോർഡ്

മുബൈ: 75 കിലോമീറ്റർ നീളമുള്ള ഹൈവേയുടെ നിർമാണം 108 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനുള്ള ദൗത്യത്തിന് മഹാരാഷ്ട്രയിൽ തുടക്കം. അമരാവതി മുതൽ അകോല വരെയുള്ള റോഡാണ് റെക്കോർഡ് സമയത്തിനുള്ളിൽ നിർമിക്കാൻ പോകുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജൂൺ ഏഴിനകം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അമരാവതിയിലെ ലോനി ഗ്രാമം മുതൽ അകോളയിലെ മന ഗ്രാമം വരെയുള്ള 75 കിലോമീറ്റർ ഹൈവേ രാപ്പകൽ ജോലി ചെയ്ത് 108 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഗിന്നസ് ബുക്കിൽ ഹൈവേ ഇടം പിടിക്കും. ഗിന്നസ് ബുക്കിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ രേഖപ്പെടുത്തുന്നുണ്ട്.

പൂനെയിലെ ഇൻഫ്രാസ്ട്രക്ചർ നിർമാണ രംഗത്തെ പ്രമുഖരായ രാജ്പഥ് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും യന്ത്രങ്ങളുമാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഏകദേശം 800 മുതൽ 1000 വരെ തൊഴിലാളികൾ ജോലിയിൽ ഏർപ്പെടുന്നുണ്ട്. ഏത് പ്രതിസന്ധിയിലും പണി പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് കമ്പനിയെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ, ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗുൽ ദോഹയിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഏകദേശം 242 മണിക്കൂർ (10 ദിവസം) കൊണ്ട് 25 കിലോമീറ്റർ റോഡ് നിർമ്മിച്ചായിരുന്നു ഗിന്നസ് റെക്കോർഡ് നേടിയത്. ആ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് രാജ്പഥ് ഇൻഫ്രാക്കോൺ.

റെക്കോർഡ് സ്ഥാപിക്കാൻ കൃത്യമായ ആസൂത്രണമാണ് കമ്പനി നടത്തിയിട്ടുള്ളത്. ഓരോ ജോലികൾക്കും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. പ്രോജക്ട് മാനേജർമാർ, ഹൈവേ എഞ്ചിനീയർമാർ, സർവേയർമാർ, സുരക്ഷാ എഞ്ചിനീയർമാർ, മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന വലിയൊരു സംഘവുമ‍ുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് പ്രത്യേക ക്യാമ്പും ഒരുക്കി.

നാല് ഹോട്ട് മിക്‌സ് പ്ലാന്റുകൾ, ഫോർ വീൽ ലോഡറുകൾ, പേവർ, മൊബൈൽ ഫീഡർ, ആറ് ടാൻഡം റോളറുകൾ, രണ്ട് ന്യൂമാറ്റിക് ടയർ റോളറുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവയാണ് സജ്ജീകരിച്ചത്. യന്ത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ടാറ്റ മോട്ടോഴ്‌സിന്റെ അഞ്ച് എഞ്ചിനീയർമാരെയും മറ്റ് ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. അതേസമയം, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണോ പ്രവൃത്തികൾ നടക്കുന്നത് എന്നും ഉറപ്പാക്കുന്നുണ്ട്.


Tags:    
News Summary - 75-km long highway to be constructed in just 108 hours, to go down in Guinness Book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.