കേസുകൾ കെട്ടികിടക്കുന്നത് കോടതിക്ക് പുതുമയുള്ള ഒന്നല്ല. എന്നാൽ, കൊൽക്കത്ത ഹൈകോടതി സാക്ഷ്യം വഹിച്ചത് സുപ്രധാന വിധിക്കാണ്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള കേസാണ് തീർപ്പാക്കിയിരിക്കുന്നത്. 1951ൽ ഫയൽ ചെയ്ത കേസാണ് 72 വർഷങ്ങൾക്കിപ്പുറം തീർപ്പാക്കിയിരിക്കുന്നത്. ബെർഹാംപോർ ബാങ്ക് ലിമിറ്റഡിെൻറ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തി പണമാക്കി മാറ്റുന്ന കേസാണ് കൊൽക്കത്ത ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ തീർപ്പാക്കിയിരിക്കുന്നത്.
രാജ്യത്തെ കോടതികളിൽ ജനുവരി ഒൻപത് വരെ കേട്ട കേസുകളിൽ ഏറ്റവും പഴക്കം ചെന്ന കേസാണ് ബെർഹാംപോർ കേസെന്ന് നാഷണൽ ജുഡീഷ്യൽ ഗ്രിഡിൽ പരാമർശിക്കുന്നുണ്ട്.
1948 നവംബർ 19-ന് കൊൽക്കത്ത കോടതിയുടെ ഉത്തരവിലൂടെയാണ് കേസിന്റെ ആരംഭം. ബാങ്കിന്റെ പ്രവർത്തന നടപടികൾ നിർത്തിക്കൊണ്ടുള്ള ഹർജി 1951 ജനുവരി ഒന്നിന് ഫയൽ ചെയ്തിരുന്നു. അങ്ങനെയാണ് 71/1951 നമ്പറിൽ ബെർഹാംപോർ ബാങ്ക് ലിമിറ്റഡ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കടം നൽകിയവരിൽ നിന്ന് പണം തിരികെ ലഭിക്കാത്തതിനാൽ ബാങ്ക് തകർച്ചയിൽ പെടുകയായിരുന്നു. ബാങ്കിന്റെ പ്രവർത്തന നടപടികൾ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജികൾ കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് തവണ കോടതി വിളിച്ചെങ്കിലും ആരും ഹാജരായില്ല.
കേസ് 2006 ൽ തീർപ്പാക്കിയതായി അസിസ്റ്റന്റ് ലിക്വിഡേറ്റർ സെപ്റ്റംബർ 19 നു കോടതിയെ അറിയിച്ചു. എന്നാൽ ഇത് രേഖകളിൽ ഇല്ലെന്ന് തെളിഞ്ഞതിനാൽ കേസ് വീണ്ടും തുടരുകയായിരുന്നു. ഇനി രാജ്യത്ത് തീർപ്പാക്കാനുള്ള പഴക്കം ചെന്ന അഞ്ച് കേസുകളിൽ രണ്ടെണ്ണം കൂടി ബെർഹാംപോർ ബാങ്കുമായി ബന്ധപ്പെട്ടുള്ളതാണ്. 1952 ൽ ഫയൽ ചെയ്ത കേസുകളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.