വോട്ടെണ്ണൽ ദിവസം 68ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ നേരിട്ടതായി തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് നേരെ ​വൻതോതിൽ സൈബർ ആക്രമണം നടന്നതായി തെരഞ്ഞെടുപ്പ് കമീഷൻ. 68ലക്ഷത്തോളം വ്യാജ കടന്നുകയറ്റ ശ്രമങ്ങളാണ് ഫലപ്രഖ്യാപന ​പോർട്ടലുകൾക്ക് നേരെയുണ്ടായതെന്നും ഇതെല്ലാം കമീഷന്റെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ചതായും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

രാജ്യത്ത് സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും വേഗത്തിലുള്ള റിപ്പോർട്ടിങ്ങിനും ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇസിഐനെറ്റ് (ECINET) നിർണായക പങ്കുവഹിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ ഗ്യാനേഷ് കുമാർ പറഞ്ഞു. റെക്കോഡ് പോളിങ്ങോടെ നീതിയുക്തവും അക്രമരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഇസിഐനെറ്റ് സഹായിച്ചു. എന്നാൽ, കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനിടെ 68 ലക്ഷത്തോളം സൈബർ ആക്രമണ ശ്രമങ്ങളുണ്ടായതായും പ്രത്യേകിച്ച് വോട്ടെണ്ണൽ ദിവസം ഏകദേശം 68 ലക്ഷം വ്യാജ കടന്നുകയറ്റ ശ്രമങ്ങൾ തടയാൻ തെരഞ്ഞെടുപ്പ് കമീഷന്റെ സൈബർ ടീമിന് കഴിഞ്ഞുവെന്നും ഇസിഐനെറ്റിനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കകത്തുനിന്നും വിദേശത്തുനിന്നും ആക്രമണങ്ങളുണ്ടായി. ഫലംപ്രഖ്യാപിക്കുന്ന പോർട്ടൽ ഉൾപ്പെടെയുള്ള പ്രധാന തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. 2026 ജനുവരിയിലാണ് ഇസിഐനെറ്റ് ആപ് ഔദ്യോഗികമായി പുറത്തിറക്കുന്നത്. 10 കോടി ഡൗൺലോഡുകൾ കടന്നു. 2025ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആപിന്റെ ബീറ്റാ പതിപ്പ് ആദ്യമായി പരീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇസിഐനെറ്റ് വഴി ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനം ആദ്യമായി തെരഞ്ഞെടുപ്പ് കമീഷൻ അവതരിപ്പിച്ചിരുന്നു. വോട്ടെണ്ണൽ ദിവസം 3.2 ലക്ഷത്തിലധികം ക്യു.ആർ കോഡുകൾ സൃഷ്ടിച്ചു. അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രം വോട്ടെണ്ണൽ കേന്ദ്രത്തി​ലേക്ക് പ്രവേശനം അനുവദിക്കുന്നതിനും അനധികൃത പ്രവേശനം തടയുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് സംവിധാനം അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 68 lakh cyberattacks on ECI site during polls CEC Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.