ന്യൂഡൽഹി: കുറഞ്ഞ കാലയളവിനിടെ രാജ്യത്ത് ഉണ്ടായ വിമാന തകരാറുകളുടെ അമ്പരപ്പിക്കുന്ന എണ്ണം വെളിപ്പെടുത്തി വിവരാവകാശരേഖ. 2020 മുതൽ വിമാന എൻജിൻ ഷട്ട്ഡൗൺ ചെയ്ത 65 സംഭവങ്ങളും 17 മാസത്തിനുള്ളിൽ 11 ‘മെയ്ഡേ’ കോളുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി വിവരാവകാശ നിയമപ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) നിന്നും ടൈംസ് ഓഫ് ഇന്ത്യക്കു ലഭിച്ച വിവരങ്ങൾ കാണിക്കുന്നു.
2020 മുതൽ 2025 വരെ ഇന്ത്യയിലുടനീളം വിമാനത്തിനുള്ളിൽ എൻജിനുകൾ ഷട്ട്ഡൗൺ ചെയ്തതുമായി ബന്ധപ്പെട്ട് ആകെ 65 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്- ഡി.ജി.സി.എയുടെ ആർ.ടി.ഐ മറുപടിയിൽ പറയുന്നു. എന്നാൽ, ഈ 65 സംഭവങ്ങളിലും പൈലറ്റുമാർക്ക് വിമാനത്തെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞു.
എങ്കിലും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളെ എൻജിൻ തകരാറുകൾ ഒരു മാസം ഒരു സംഭവം എന്ന നിരക്കിൽ എങ്ങനെ ബാധിക്കുന്നു എന്ന് ഈ ഡാറ്റ പ്രതിഫലിപ്പിക്കുന്നു.
2024 ജനുവരി 1നും 2025 മെയ് 31നും ഇടയിൽ വിവിധ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുകയും അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയും ചെയ്ത 11 വിമാനങ്ങളിൽ നിന്ന് മെയ്ഡേ കോളുകൾ വന്നതായി ഡി.ജി.സി.എ നൽകിയ ഡാറ്റ കാണിക്കുന്നു. ജൂൺ 12ന് അഹമ്മദാബാദിൽ തകർന്ന AI-171 ഉം ജൂൺ 19ന് വഴിതിരിച്ചുവിട്ട ആഭ്യന്തര ഇൻഡിഗോ വിമാനവും ഈ ഡാറ്റയിൽ ഉൾപ്പെടില്ല. 11 വിമാനങ്ങളിൽ നാലെണ്ണം സാങ്കേതിക തകരാറുകൾ കാരണം അപായ സൂചനകൾ നൽകി ഹൈദരാബാദിൽ ഇറക്കിയതായി ഡാറ്റ വെളിപ്പെടുത്തുന്നു.
‘വിമാനത്തിന് തീപിടിക്കൽ, എൻജിൻ തകരാറുകൾ, തുടർന്നുള്ള പറക്കൽ സുരക്ഷിതമല്ലാത്തതിനാൽ ഉടനടി ലാൻഡിങ് അല്ലെങ്കിൽ ഗ്രൗണ്ടിങ് ആവശ്യമായി വരുന്ന സാഹചര്യങ്ങൾ പോലുള്ള ഗുരുതരമായ അടിയന്തര സാഹചര്യങ്ങൾ നേരിടുമ്പോൾ ഫ്ലൈറ്റ് ജീവനക്കാർ മെയ്ഡേ കോളുകൾ ചെയ്യുമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി അനിൽ റാവു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.