പ്രസവിച്ച ഉടൻ കുഞ്ഞുങ്ങൾ മരിച്ചാൽ കേന്ദ്ര വനിത ജീവനക്കാർക്ക് 60 ദിവസം പ്രത്യേക അവധി

ന്യൂഡൽഹി: സവിശേഷ സാഹചര്യങ്ങളിൽ പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രം. പ്രസവിച്ച ഉടൻ കുഞ്ഞുങ്ങൾ മരിച്ചാലോ ചാപിള്ളയെ പ്രസവിച്ചാലോ കേന്ദ്ര സർവിസിലുള്ള വനിത ജീവനക്കാർക്ക് 60 ദിവസം പ്രത്യേക അവധി അനുവദിക്കും.

പ്രസവിച്ച ഉടൻ കുഞ്ഞുങ്ങൾ മരിക്കുമ്പോൾ മാതാവിനുണ്ടാകുന്ന വൈകാരിക ആഘാതം പരിഗണിച്ചാണ് പേഴ്സനൽ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇത്തരം സംഭവങ്ങളിൽ അവധിയിൽ വ്യക്തത തേടി നിരവധി അപേക്ഷകൾ ലഭിച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഉത്തരവിറക്കിയത്.

കുഞ്ഞിന്റെ മരണം മുതലുള്ള തീയതിയാണ് അവധിയായി കണക്കാക്കുക. നേരത്തേ എടുത്ത പ്രസവാവധി ജീവനക്കാരുടെ ക്രെഡിറ്റിലുള്ള മറ്റ് ഇനത്തിലുള്ള അവധിയിലേക്ക് മാറ്റും. ഇതിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ജനിച്ച് 28 ദിവസത്തിനകം കുഞ്ഞുങ്ങൾ മരിക്കുന്ന സ്ത്രീകൾക്കാണ് ഈ അവധി അനുവദിക്കുക.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പ്രസവം സർക്കാർ ആശുപത്രികളിൽനിന്നോ സർക്കാർ ആനുകൂല്യങ്ങൾക്ക് എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽനിന്നോ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്.

Tags:    
News Summary - 60 days special leave for central women employees if babies die soon after delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.