യു.പിയിലെ സർക്കാർ അഭയകേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്

ലഖ്നോ: യു.പിയിലെ സർക്കാർ അഭയകേന്ദ്രത്തിൽ അന്തേവാസികളായ 57 പെൺകുട്ടികൾക്ക് കോവിഡ് ബാധ. ഇവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ അഞ്ച് പെൺകുട്ടികൾ ഗർഭിണികളാണ്. ഇവരിൽ ഒരാൾ എച്ച്.ഐ.വി പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ് പെൺകുട്ടികൾ.

ഗർഭിണികളായ അഞ്ച് പെൺകുട്ടികൾ ആഗ്ര, എറ്റാ, ഖനൗജ്, ഫിറോസാബാദ്, കാൺപുർ എന്നിവിടങ്ങളിൽനിന്ന് ശിശുക്ഷേമ സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചവരാണെന്ന് കാൺപുർ ജില്ല മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി പറഞ്ഞു. അഭയകേന്ദ്രത്തിലെത്തുന്നതിന് മുമ്പേ ഇവർ ഗർഭിണികളാണ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമപ്രകാരമുള്ള (പോക്സോ) കേസുകളാണിതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിക്കാത്ത രണ്ട് പെൺകുട്ടികളും ഗർഭിണികളായുണ്ട്.

അഭയകേന്ദ്രത്തിലെ താമസക്കാരിയായ സ്ത്രീക്ക് ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൂടുതൽ പരിശോധന നടത്തിയത്. ജൂൺ 18ന് 33 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. അടുത്ത ദിവസങ്ങളിൽ 28 പെൺകുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

പെൺകുട്ടികൾ അഭയകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പേ ഗർഭിണികളായിരുന്നുവെന്ന് കാൺപുർ കമീഷണർ സുധീർ മഹാദേവ് പറഞ്ഞു. എന്നാൽ, ഏതെങ്കിലും അധികൃതരോ ജീവിനക്കാരോ വീഴ്ചവരുത്തിയതായി കണ്ടാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.