രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

500 കോ​ടി​യു​ടെ ഭൂ​മി ക്ര​മ​ക്കേ​ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ട​ക്കം ബി.​പി.​എ​ൽ മേ​ധാ​വി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം

ബംഗളൂരു: വ്യവസായിക ആവശ്യത്തിനായി കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) നൽകിയ കൃഷിഭൂമി ബി.ജെ.പി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം ബി.പി.എൽ ഇന്ത്യ ലിമിറ്റഡ് മേധാവികൾ 500 കോടി രൂപക്ക് മറിച്ചുവിറ്റെന്ന് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എൻ. ജഗദേഷ് കുമാർ കർണാടക സർക്കാറിന് പരാതി നൽകി. സൗത്ത് ഫസ്റ്റ് ന്യൂസ് പോർട്ടലാണ് ഈ വാർത്ത പുറത്തുവിട്ടത്.

ബി.പി.എൽ എം.ഡി അജിത് നമ്പ്യാർ, രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജു രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവരാണ് ആരോപണം നേരിടുന്ന മറ്റുള്ളവർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) നിയമിക്കണമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി എം.ബി. പാട്ടീലിനും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡക്കും നൽകിയ പരാതിയിലെ ആവശ്യം. കെ.ഐ.എ.ഡി.ബിയിലെ ക്രമക്കേടും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയിൽ പറയുന്നത്: 1995 ഏപ്രിൽ ഏഴിന് ദൊബ്ബാസ്പേട്ടയിലെ നെലമംഗലയിൽ കളർ ടെലിവിഷൻ, ട്യൂബ്, ബാറ്ററി നിർമാണ യൂനിറ്റ് സ്ഥാപിക്കുന്നതിന് കർഷകരിൽനിന്ന് ഏറ്റെടുത്ത 175 ഏക്കർ കൃഷിഭൂമി കെ.ഐ.എ.ഡി.ബി ബി.പി.എല്ലിന് കൈമാറിയിരുന്നു. ഏക്കറിന് 1.1 ലക്ഷം രൂപ നൽകിയാണ് കർഷകരിൽനിന്ന് ഭൂമി ഏറ്റെടുത്തത്. തുടർന്ന് കൈവശാവകാശ സർട്ടിഫിക്കറ്റും ലീസ് കരാറും അനുവദിച്ചു. 2004 വരെ സ്ഥലത്ത് വ്യവസായിക പ്രവർത്തനം നടന്നിട്ടില്ല. ഇതേ കാലയളവിൽ അജിത് ഗോപാൽ നമ്പ്യാരും അഞ്ജലി രാജീവ് ചന്ദ്രശേഖറും പ്രതിനിധാനംചെയ്യുന്ന ബി‌.പി‌.എൽ, ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് കുവൈത്തിന് ഭൂമി പണയപ്പെടുത്തി. ഇതിനും 2004 ജനുവരി ഏഴിന് കെ.‌ഐ‌.എ‌.ഡി.‌ബി അനുമതി നൽകി. 2006 നവംബർ 28ന് പാട്ടക്കരാർ മാറ്റി സമ്പൂർണ വിൽപനയാക്കി. ഇതിനായി കമ്പനി അന്നത്തെ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡുവിനെ സമീപിച്ചതായി പറയുന്നു. പിന്നീട് ഈ ഭൂമിയുടെ വലിയൊരു ഭാഗം കോടികൾ വാങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (306.47 കോടി), ബി.ഒ.സി ഇന്ത്യ ലിമിറ്റഡ് (നാലു കോടി), ജിൻഡാൽ അലുമിനിയം ലിമിറ്റഡ് (33.5 കോടി) തുടങ്ങിയ കമ്പനികൾക്ക് വിറ്റു.

വികസനത്തിന്റെ പേരിൽ കൃഷിഭൂമി ഏറ്റെടുത്ത് റിയൽ എസ്റ്റേറ്റിന് കൈമാറുകയാണ് കെ.ഐ.എ.ഡി.ബി ചെയ്തത്. 55 വർഷത്തിനിടെ, കെ.ഐ.എ.ഡി.ബി 1.55 ലക്ഷം ഏക്കറിലധികം കൃഷിഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇതിൽ 70 ശതമാനത്തിലധികവും യഥാർഥ വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. ക്രമക്കേട് അന്വേഷിക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു.

ബി.പി.എൽ ഗ്രൂപ്പിന്റെ സ്ഥാപകനായ ടി.പി. ഗോപാലൻ നമ്പ്യാരുടെ മക്കളാണ് അജിത് നമ്പ്യാരും അഞ്ജു രാജീവ് ചന്ദ്രശേഖറും. അതേസമയം, രാജീവ് ചന്ദ്രശേഖറിന് രണ്ടു പതിറ്റാണ്ടായി ബി.പി.എല്ലുമായി യാതൊരു ബന്ധവുമില്ലെന്നും പരാതി വിശദമായി പരിശോധിക്കാതെ അഭിപ്രായം പറയാനാവില്ലെന്നും ബംഗളൂരുവിലെ അഭിഭാഷകൻ സഞ്ജയ് പ്രഭു പ്രതികരിച്ചതായി സൗത്ത് ഫസ്റ്റ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - 500 crore land scam: Allegations against BPL leaders including Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.