അഞ്ച് വർഷത്തിനിടെ ഇന്ത്യ പൗരത്വം നൽകിയത് 4884 വിദേശികൾക്ക്

ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ 4884 വിദേശ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകിയതായി കേന്ദ്ര സർക്കാർ. 2020നെ അപേക്ഷിച്ച് 2021ൽ മൂന്നിരട്ടിയോളം വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും സർക്കാർ ലോക്സഭയിൽ അറിയിച്ചു. 2017ൽ 817, 2018ൽ 628, 2019ൽ 987, 2020ൽ 639, 2021ൽ 1773 എന്നിങ്ങനെയാണ് ഇന്ത്യൻ പൗരത്വം ലഭിച്ച വിദേശികളുടെ കണക്കുകൾ.

1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയാണ് പൗരത്വം നിയന്ത്രിക്കപ്പെടുന്നത്. പൗരത്വ നിയമത്തിലെ സെക്ഷൻ അഞ്ചിന് കീഴിൽ വരുന്ന രജിസ്ട്രേഷൻ, സെക്ഷൻ ആറ് പ്രകാരമുള്ള സ്വദേശിവത്കരണം, സെക്ഷൻ ഏഴ് പ്രകാരമുള്ള പ്രദേശത്തിന്റെ സംയോജനം എന്നിവ കണക്കിലെടുത്താണ് യോഗ്യരായ പൗരന്മാർക്ക് പൗരത്വം അനുവദിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ചട്ടങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലെങ്കിലും 2018 മുതൽ ഇന്ത്യൻ പൗരത്വം അനുവദിച്ചവരിൽ ഭൂരിഭാഗവും പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളും ക്രിസ്ത്യൻ വിശ്വാസികളും, ഹിന്ദു, സിഖ്, ജൈന വിഭാഗക്കാരുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്ന് രാജ്യങ്ങളിൽ നിന്നും ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ മതങ്ങളിൽ നിന്നുള്ള 8,244 പേർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചതായി സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നു. ഇതിൽ 3,117 പേർക്ക് 2021 ഡിസംബർ വരെ പൗരത്വം അനുവദിച്ചിട്ടുണ്ട്. 2018 നും 2020 നും ഇടയിൽ ഇന്ത്യൻ പൗരത്വം ലഭിച്ച ലോകമെമ്പാടുമുള്ള വിദേശികളുടെ ആകെ എണ്ണം 2,254 ആണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

2019 ഡിസംബർ 12ന് സി.എ.എ പാർലമെന്റ് പാസാക്കിയെങ്കിലും നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ സമുദായങ്ങളിൽപെട്ട അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ. മുസ്ലീംങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന നിയമത്തിന് പിന്നിലെ വർഗീയ അജണ്ട ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമർശനങ്ങൾക്കിടയിലാണ് പാർലമെന്റ് നിയമം പാസാക്കിയത്.

1946 ലെ ഫോറിനേഴ്സ് ആക്റ്റ്, 1939 ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം, 1920ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1955 ലെ പൗരത്വ നിയമം എന്നിവയിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് അഭയാർഥികൾ ഉൾപ്പെടെ എല്ലാ വിദേശ പൗരന്മാരെയും സർക്കാർ നിയന്ത്രിക്കുന്നത്.

ഇന്ത്യൻ പൗരത്വത്തിനായി കഴിഞ്ഞ വർഷം ഡിസംബർ 14 വരെ 10,635 അപേക്ഷകൾ സർക്കാരിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് റായ് സഭയെ അറിയിച്ചു. ഇതിൽ 7,306 എണ്ണം പാക്കിസ്താനിൽ നിന്നും 1,152 എണ്ണം അഫ്ഗാനിസ്ഥാനിൽ നിന്നും 161 എണ്ണം ബംഗ്ലാദേശിൽ നിന്നുമാണ്. പൗരത്വമില്ലാത്തവരുടെ ആകെ 428 അപേക്ഷകളും സർക്കാരിന്റെ പരിഗണനയിലുണ്ട്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 600 ഓളം മുസ്ലിംങ്ങൾക്ക് 2014 മുതൽ ഇന്ത്യൻ പൗരത്വം നൽകിയതായി 2019ൽ സി.എ.എ അവതരിപ്പിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 

Tags:    
News Summary - 4,844 foreigners granted Indian citizenship in 5 years, 1,773 in 2021 alone: Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.