4,800 പേരെ നാടുകടത്തിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത: കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശിൽ നിന്നുള്ള 4,800 “അനധികൃത നുഴഞ്ഞുകയറ്റക്കാരെ” ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. പൗരത്വ ഭേദഗതി നിയമത്തിന്റെ  പരിധിയിൽപ്പെടാത്തവരെയാണ് നാടുകടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിൽ ബി.ജെ.പി സംഘടിപ്പിച്ച ‘പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പരിശീലന മഹാ അഭിയാൻ 2026’ പരിപാടിയിൽ സംസാരിക്കവെയാണ് അധികാരി  ഈ വിവരങ്ങൾ പങ്കുവെച്ചത്.

“കേന്ദ്രസർക്കാരിന്റെ നിയമപ്രകാരം അനധികൃത നുഴഞ്ഞുകയറ്റക്കാരെ ജയിലിലടക്കുന്നതിനു പകരം നേരിട്ട് അതിർത്തി സുരക്ഷാ സേനക്ക് കൈമാറാം. മറ്റ് സംസ്ഥാനങ്ങൾ ഈ നിയമം ഉപയോഗിച്ചിരുന്നെങ്കിലും, ഇവിടെ അതിഥികളെപ്പോലെ പരിഗണിച്ച് ജയിലുകളിൽ പാർപ്പിക്കുകയും ഭക്ഷണവും വസ്ത്രവും ചികിത്സയും നൽകുകയും ചെയ്തിരുന്നുവെന്നും അധികാരി പറഞ്ഞു.

അതിർത്തി ജില്ലകളിൽ പ്രത്യേക ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 836 പേരെ കൂടി ഉടൻ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഹക്കിംപൂർ അതിർത്തി പോസ്റ്റിലൂടെ രേഖകളില്ലാത്ത ചില കുടിയേറ്റക്കാർ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങിയ സംഭവത്തെയും അദ്ദേഹം പരാമർശിച്ചു.

പശ്ചിമ ബംഗാളിന്റെ ജനസംഖ്യാ ഘടന വർഷങ്ങൾക്കുമുമ്പേ മാറിത്തുടങ്ങിയെന്നും “അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക, വോട്ടർ പട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക” എന്നതാണ് തന്റെ സർക്കാരിന്റെ നയമെന്നും അധികാരി  ആവർത്തിച്ചു. "കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക" എന്നതാണ് സർക്കാരിന്റെ മുൻഗണന നടപടിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ബി.ജെ.പി സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വിഷയങ്ങളിലൊന്ന് അനധികൃത നുഴഞ്ഞുകയറ്റം തടയുക എന്നതും, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ബി.എസ്.എഫിന്  ആവശ്യമായ ഭൂമി ലഭ്യമാക്കുക എന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം ഏകദേശം 100 കിലോമീറ്റർ അതിർത്തി പ്രദേശത്തെ ഭൂമി ബി.എസ്.എഫിന് കൈമാറിയതായും പറഞ്ഞു

Tags:    
News Summary - 4,800 deported, says Chief Minister Suvendu Adhikari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.