ചെന്നൈ:17 വയസ്സുകാരനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ നാലു പൊലീസുകാർക്ക് 11 വർഷം ജയിൽ ശിക്ഷ വിധിച്ച് മധുര ജില്ലാ സെക്ഷൻ കോടതി. 2019ലാണ് മുത്തു കാർത്തിക് എന്ന കൗമാരക്കാരൻ കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെടുന്നത്.
പൊലീസ് ഇൻസ്പെക്ടർ അലക്സ് രാജ്, കോൺസ്റ്റബിൾമാരായ സതീഷ്, രവി, രവിചന്ദ്രൻ എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഇൻസ്പെക്ടർ പ്രേം ചന്ദ്രൻ, സബ് ഇൻസ്പെക്ടർ കണ്ണൻ, ഇൻസ്പെക്ടർ അരുണാചലം എന്നിവർക്കെതിരെ നടപടി എടുക്കാൻ സി.ബി.ഐ, സി.ഐ.ഡിയോട് കോടതി ആവശ്യപ്പെട്ടു. ശിക്ഷക്ക് വിധിക്കപ്പെട്ട പ്രേം ചന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചു. ഇപ്പോഴും സർവീസിലുള്ള ഇൻസ്പെക്ടർ അരുണാചലത്തെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു.
കസ്റ്റഡി മർദനം മറച്ചുവെക്കാൻ മെഡിക്കൽ രേഖകളിൽ കൃത്രിമത്വം കാണിച്ചതിന് ഡോക്ടർമാരെ രൂക്ഷമായി വിമർശിച്ച കോടതി, പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ജയ കുമാർ, റെസിഡന്‍റ് മെഡിക്കൽ ഓഫീസർ എന്നിവർക്കെതിരെ വകുപ്പ്തല നടപടി എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് മധുര സ്വദേശിയായ കാർത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിന്‍റെ ക്രൂര മർദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
തന്‍റെ മകന്‍റെ മരണത്തിൽ മാതാവ് ജയ ആണ് അന്വേഷണം ആവശ്യപ്പെട്ട് മധുര സെക്ഷൻ കോടതിയെ സമീപിച്ചത്. തുടർന്ന് കേസിന്‍റെ അന്വേഷണം സിബിഐ-സിഐഡിക്ക് കൈമാറുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.