കർഷക സമരങ്ങൾ ശക്തമാക്കാൻ കിസാൻ സഭ

മുംബൈ: കർഷക സമരങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ കിസാൻ സഭയുടെ (എ.ഐ.കെ.എസ്) ദ്വിദിന കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. കാർഷിക ഉൽ‌പന്നങ്ങളുടെ വിലയിടിവ്, വർധിച്ചുവരുന്ന ചിലവുകൾ, വിള ഇൻഷുറൻസ്, ഭൂമി ഏറ്റെടുക്കൽ, വളക്ഷാമം, വഞ്ചനാപരമായ വായ്പ എഴുതിത്തള്ളൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (എഫ്‌.സി‌.ഐ) ദുർബലപ്പെടുത്തൽ, കരിമ്പ് വിലനിർണ്ണയം എന്നീ വിഷയങ്ങളും രാജ്യത്തെ കൃഷിക്ക് പ്രതികൂലമാകുന്ന ഇന്ത്യ-അമേരിക്ക, ഇന്ത്യ-യൂറോപ്യൻ യൂണിയൻ, ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറുകളും യോഗത്തിൽ ചർച്ചയായി.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തമായി ജൂലൈ 29 ന് സംഘടിപ്പിക്കുന്ന ദേശീയ സമര കൺവെൻഷൻ വിജയിപ്പിക്കാനും കർഷകരുടെ ഐക്യത്തെ വിശാലമായ തൊഴിലാളി-കർഷക ഐക്യമാക്കി മാറ്റാനും തീരുമാനിച്ചു. എ.ഐ.കെ.എസിന്റെ 90ാം വാർഷികത്തിൽ നാടാകെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനും ബിർസ മുണ്ടയുടെ ജന്മവാർഷികമായ നവംബർ 15 ന് എ.ഐ.കെ.എസ് പതാകകൾ ഉയർത്താനും ഗ്രാമങ്ങളിൽ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള യോഗങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. നവംബർ 18 മുതൽ 21 വരെ തെലങ്കാനയലെ നൽഗൊണ്ടയിൽ എ.ഐ.കെ.എസിന്റെ ദേശീയ സമ്മേളനം നടത്താനും തീരുമാനിച്ചു. എ.ഐ.കെ.എസ് ദേശീയ പ്രസിഡന്റ് അശോക് ധാവ്ലെ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Kisan Sabha to intensify farmers' protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.