കുനോയിൽ പിറന്ന നാല് ചീറ്റക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ

ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിൽ ഒരു മാസം മുമ്പ് പിറന്ന നാലു ചീറ്റക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു അവയുടെ ജഡങ്ങൾ. രാവിലെ ആറരയോടെയാണ്, ഏപ്രിൽ 11ന് കെ.ജി.പി 12 എന്ന പെൺചീറ്റക്ക് ജനിച്ച നാലു കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മേയ് 11ന് വൈകുന്നേരമാണ് കുഞ്ഞുങ്ങളെ ജീവനോടെ അവസാനമായി കണ്ടത്. മറ്റൊരു മൃഗത്തിന്റെ ആക്രമണത്തിലാണ് കുഞ്ഞുങ്ങൾ ചത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അമ്മ ചീറ്റ സുരക്ഷിതയാണ്. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും വനംവകുപ്പ് അറിയിച്ചു. നാല് ചീറ്റക്കുഞ്ഞുങ്ങൾ ചത്തതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 53 ആയി കുറഞ്ഞു. മറ്റ് ചീറ്റകളെല്ലാം ആരോഗ്യവാൻമാരാണെന്നും അധികൃതർ അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ ബോട്സ്വാനയിൽ നിന്ന് ആറ് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും കുനോയിലേക്ക് കൊണ്ടുവന്നിരുന്നു. പ്രൊജക്ട് ചീറ്റയുടെ ഭാ​ഗമായി 2022 സെപ്തംബറിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നത്. അന്ന് എട്ട് ചീറ്റകളെയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. കൂടാതെ 2023ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയും കുനോയിൽ എത്തിച്ചിരുന്നു. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്. 1952ൽ ഇന്ത്യയിൽ വംശമറ്റ ചീറ്റകളെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രൊജക്ട് ചീറ്റ.

Tags:    
News Summary - 4 Cheetah Cubs Found Dead In Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.