37 വർഷം കോൺഗ്രസിൽ; ബി.ജെ.പിയിലേക്ക് കൂടുമാറി ജയ് രാജ് സിങ് പർമാർ

ന്യൂഡൽഹി: 37 വർഷത്തെ കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിന് ശേഷം ബി.ജെ.പിയിലേക്ക് ചേക്കേറി ഗുജറാത്ത് കോൺഗ്രസ് നേതാവ് ജയ് രാജ് സിങ് പർമാർ. ബി.ജെ.പി ഗുജറാത്ത് നേതാവ് സി.ആർ പാട്ടീൽ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഗാന്ധിനഗർ ബി.ജെ.പി ആസ്ഥാനമായ കമലനിൽ വച്ചായിരുന്നു ജയ് രാജിന്‍റെ പാർട്ടി പ്രവേശം. പ്രതീക്ഷകളൊന്നുമില്ലാതെയാണ് ബി.ജെ.പി പ്രവേശനമെന്ന് ജയ് രാജ് പറഞ്ഞു.

ഫെബ്രുവരി 17നാണ് ജയ് രാജ് കോൺഗ്രസിൽ നിന്നും രാജി വച്ചത്. ഹൈക്കമാന്‍ഡിന്‍റെ നയങ്ങളോടുള്ള അതൃപ്തിയാണ് പാർട്ടി വിടാൻ കാരണമെന്ന് അദ്ദേഹം അറിയിച്ചു. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും 37 വർഷം കോൺഗ്രസുമായി ചേർന്ന് പ്രതിബദ്ധതയോടെ പ്രവർത്തിച്ചു. രാഷ്ട്രീയമെന്നത് ജനങ്ങളെ സേവിക്കാനുള്ള ഉപാധിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നത് ഒന്നും പ്രതീക്ഷിച്ചല്ലെന്നും, നഷ്ടപ്പെട്ടത് നേടിയെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ജയ് രാജ് താത്പര്യപ്പെടുന്നില്ലെങ്കിൽ പാർട്ടിയിലെ അനുയോജ്യമായ സ്ഥാനം നൽകുമെന്ന് ഗുജറാത്ത് ബി.ജെ.പി യൂനിറ്റ് പ്രസിഡന്‍റ് സി.ആർ പാട്ടീൽ പറഞ്ഞു.

ടെലിവിഷൻ ചർച്ചകളിൽ കോൺഗ്രസ് വക്താവായി നടത്തിയ പ്രസ്താവനകളിലൂടെ പ്രശസ്തനാണ് ജയ് രാജ്. പത്ത് വർഷമായി പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയിട്ടും, സ്ഥാനങ്ങൾ നൽകാതിരുന്നിട്ടും പരാതികളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും പാർട്ടിയോട് ആത്മാർഥമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. 2007, 2012, 2017, 2019 കാലത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും കോൺഗ്രസ് തന്നെ യോഗ്യനായി കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജയ് രാജിന്‍റെ ബി.ജെ.പി പ്രവേശം.

Tags:    
News Summary - 37 years in Congress; Jayraj Singh Parmar joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.