ന്യൂഡൽഹി: ലോക്ഡൗൺ മേയ് 17 വരെ നീട്ടിയെങ്കിലും ചില മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പ്രധാന ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്:
1. സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം. എന്നാൽ 33 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. ബാക്കിയുള്ളവർക്ക് വീട്ടിലിരുന്ന് േജാലി ചെയ്യാം.
2. വളരെ കുറച്ച് കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തതോ, കോവിഡ് ഇല്ലാത്തതോ ആയ മേഖലകളിൽ വ്യവസായ സ്ഥാപനങ്ങൾ തുറക്കാം.
3. ഗ്രീൻ, ഓറഞ്ച് സോണുകളിൽ മദ്യഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് അതതു സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. അടച്ചിടണമെങ്കിൽ അങ്ങനെയുമാകാം. ഒരുസമയം, അഞ്ചുപേർക്ക് സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാനാണ് അനുമതിയുള്ളത്.
4. റെഡ് സോണിലുള്ള ഐ.ടി കമ്പനികൾ, മാധ്യമസ്ഥാപനങ്ങൾ, കോൾ സെൻററുകൾ, കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസിങ് സ്ഥാപനങ്ങൾ, സ്വകാര്യ സുരക്ഷ ഏജൻസികൾ, സ്വയംതൊഴിൽ സംരംഭകർ എന്നിവർക്ക് പ്രവർത്തിക്കാം. എന്നാൽ ഇവിടങ്ങളിൽ ബാർബർ ഷോപ്പുകളും ഹെയർ സലൂണുകളും തുറക്കില്ല.
5. ഓറഞ്ച് സോണിൽ ടാക്സി വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടാക്സിയിൽ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. ഗ്രീൻ സോണുകളിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി ബസ്സർവീസ് അനുവദിക്കും.
6. റെഡ്സോണിൽ ഗ്രാമീണ മേഖലകളിലെ വ്യവസായ-നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. നഗരങ്ങളിൽ മാളുകൾ ഒഴികെയുള്ള കടകൾ തുറക്കാം. എല്ലാ വിധ കാർഷികപ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.
7. എല്ലാ സോണുകളിലും 10 വയസിൽ താഴെയുള്ളവർ, 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ഇവർക്ക് ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തി ചികിത്സക്കും മറ്റും ഉപാധികളോടെ പുറത്തുപോകാൻ അനുമതിയുണ്ട്.
8. രാജ്യത്തുടനീളം കൂടുതൽ ആളുകൾ കൂടാൻ സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെൻററുകൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, സിനിമ പ്രദർശന ശാലകൾ, മാളുകൾ, ജിംനേഷ്യം കേന്ദ്രങ്ങൾ, സ്പോർട്സ് കോംപ്ലക്സ്, പള്ളികൾ പോലുള്ള മതപരമായ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
9. സർക്കാർ അനുമതിയോടെ അനിവാര്യ സാഹചര്യങ്ങളിൽ റോഡ്, റെയിൽ, ഗതാഗതങ്ങൾ വഴി സഞ്ചരിക്കാം.
10. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.