ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി

ഹരിയാനയിൽ മൂന്ന് സ്വതന്ത്രർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം; സർക്കാർ തുലാസിൽ

ചണ്ഡീഗഡ്: ഹരിയാനയിൽ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നൽകിയ പിന്തുണ പിൻവലിച്ച് മൂന്ന് സ്വതന്ത്ര എം.എൽ.എമാർ. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്. ഇതോടെ സർക്കാറിന്‍റെ നിലനിൽപ് തന്നെ തുലാസിലായിരിക്കുകയാണ്.

മൂന്ന് അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. 

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയോടൊപ്പം റോത്തകിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സ്വതന്ത്രർ പ്രഖ്യാപിച്ചത്. കർഷകരുടെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. 

മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാർ കഴിഞ്ഞ മാർച്ചിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്. ജെ.ജെ.പി ബി.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മനോഹർ ലാൽ ഖട്ടാറിന്‍റെ രാജി. 

അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 

സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി. ബി.ജെ.പി സര്‍ക്കാറിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും  സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - 3 independent MLAs withdraw support to Haryana government, back Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.