പ്ലംബറുടെ അക്കൗണ്ടിൽ കയറിയത് 294 കോടി രൂപ! ഞെട്ടിത്തരിച്ച് യുവാവ്

പട്‌ന:സ്വന്തം ബാങ്ക് അക്കൗണ്ടിൽ വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന ഒരു സാധാരണക്കാരന്റെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി ഒഴുകിയെത്തിയത് കോടികൾ. ബിഹാറിലെ ഗയ സ്വദേശിയും പ്ലംബിങ് തൊഴിലാളിയുമായ വികാസ് കുമാറാണ് തന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടിത്തരിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് 294 കോടി രൂപയാണ് യുവാവിന്റെ അക്കൗണ്ടിൽ എത്തിയത്.

കഴിഞ്ഞ ദിവസം സാധാരണ പോലെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വികാസ് കുമാർ ആദ്യത്തെ ഞെട്ടിക്കുന്ന വിവരം അറിയുന്നത്. അക്കൗണ്ടിൽ 94 കോടി രൂപ വന്നുകിടക്കുന്നു. ഇത്രയും വലിയ തുക കണ്ട് അമ്പരന്ന യുവാവ്, എന്തെങ്കിലും സാങ്കേതിക തകരാറാകാം എന്ന് കരുതി വൈകുന്നേരത്തോടെ ഒരിക്കൽക്കൂടി അക്കൗണ്ട് പരിശോധിച്ചു. എന്നാൽ ഇത്തവണ ഞെട്ടൽ ഇരട്ടിയായി. ബാലൻസ് തുക 94 കോടിയിൽ നിന്നും 294 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ടായിരുന്നു.

പെട്ടെന്ന് ഇത്രയും കോടികൾ അക്കൗണ്ടിൽ വന്നതോടെ വികാസ് കുമാർ ഭയന്നുപോയി. പന്തികേട് മണത്ത യുവാവ് ഒട്ടും സമയം കളയാതെ വിവരം നാട്ടിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നേതാക്കൾ ഇടപെട്ട് പോലീസിൽ വിവരമറിയിച്ചു. വലിയ തുകയുടെ സാമ്പത്തിക ഇടപാട് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കേസിനെ കാണുന്നത്.

ബാങ്ക് രേഖകൾ, തുക കൈമാറ്റം ചെയ്യപ്പെട്ട ട്രാൻസാക്ഷൻ ഐഡികൾ, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ പോലീസ് ബാങ്കിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ബാങ്കിങ് സിസ്റ്റത്തിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവുകളാണോ അതോ അക്കൗണ്ട് ഉടമ അറിയാതെ മറ്റാരെങ്കിലും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാണോ ഈ കോടികളുടെ വരവ് എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സാധാരണക്കാരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്ക് അധികൃതരും ജാഗ്രതയിലാണ്. അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചതായും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - 294 Crores Deposited into Plumber's Account! Young Man Left Shocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.