2,800 ഇരകൾ, 21 മാസത്തിനി​ടെ കടത്തിയത് 600 കോടി, സൈബർ തട്ടിപ്പിന് തുണ ക്രിപ്റ്റോ കറൻസി; 27 എക്സ്ചേഞ്ചുകളെ പട്ടികപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലെ സാധ്യതകൾ ദുരുപയോഗം ചെയ്ത് സൈ​ബർ തട്ടിപ്പുകൾ വഴി കൈക്കലാക്കുന്ന പണം വഴിമാറ്റുന്നുവെന്ന് ആഭ്യന്തര മ​ന്ത്രാലയം. ഇത്തരത്തിൽ ഇടപാടുകൾ നടന്ന 27ഓളം ക്രിപ്റ്റോ കറൻസി എക്സേഞ്ചുകളുടെ വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടു.

2024 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2,872 ഇരകളിൽ നിന്ന് തട്ടിയെടുത്ത 623.63 കോടിയോളം രൂപ ഇത്തരത്തിൽ കടത്തിയെന്നാണ് വിവരം. ഇതിന് പുറമെ, 2024-2025 കാലയളവിൽ 769 കേസുകളിലായി തട്ടിയെടുത്ത 25.3 കോടി രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി 12 വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൂടെ കടത്തിയതായും എം.എച്ച്.എക്ക് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (14 സി) രേഖകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് അരങ്ങേറുന്ന വൻ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്നതാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നിന്നുള്ള കണക്കുകൾ. വ്യാജ ട്രേഡിംഗ് അല്ലെങ്കിൽ നിക്ഷേപ ആപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകളിൽ ഏറെയും നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തങ്ങൾ നിക്ഷേപിച്ച പണം ഡിജിറ്റൽ ആസ്തികളാക്കി മാറ്റി ക്രിപ്റ്റോ വാലറ്റുകളിലൂടെ ചോർത്തുന്നത് അറിയാതെ നിക്ഷേപകരിൽ പലരും വീണ്ടും പണം നിക്ഷേപിച്ച് വഞ്ചിതരാവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

തട്ടിപ്പിലൂടെ സമാഹരിച്ച പണം തരംമാറ്റിയതായി കണ്ടെത്തിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പട്ടിക 14സി വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായും ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുമായും ഇതിനകം പങ്കിട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടന്നുവരികയാണ്.

ഈ വർഷം സെപ്റ്റംബർ 30 വരെ ലഭിച്ച 1,608 പരാതികളിൽ നിന്നായി തട്ടിയെടുത്ത 200 കോടി രൂപയും കഴിഞ്ഞ വർഷം 1,264 പരാതികളിൽ നിന്ന് തട്ടിയെടുത്ത 423.91 കോടി രൂപയും ഇത്തരത്തിൽ ഇന്ത്യൻ ക്രിപ്റ്റോ കറൻസി എക്സ്​ചേഞ്ചുകൾ ഉപയോഗിച്ച് തരംമാറ്റിയതായാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലെ വിവരങ്ങൾ ഉദ്ധരിച്ച് 14 സി വ്യക്തമാക്കുന്നത്.

21 മാസത്തിനിടെ തട്ടിപ്പുകളിലൂടെ സമാഹരിച്ച 623.63 കോടിയാണ് ഇത്തരത്തിൽ മാറ്റിയെടുത്തത്. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും സൈബർ ക്രിമിനലുകൾ അതിലുമധികം പണം കടത്തിയിരിക്കാമെന്നുമാണ് അധികൃതരുടെ നിഗമനം.

ഡി.സി.എക്സ്, കോയിൻ ഡി.സി.എക്സ്, വസീർഎക്സ്, ജിയോറ്റസ്, സെബ്പേ, മുദ്രക്സ്, കോയിൻ സ്വിച്ച് എന്നിവർ ഇത്തരത്തിൽ ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയ എക്സ്ചേഞ്ചുകളിൽ പെടുന്നു. അതേസമയം, ദുരുപയോഗം തടയാൻ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനധികൃത കൈമാറ്റങ്ങൾ നടന്നിട്ടില്ലെന്നുമാണ് എക്സ്ചേഞ്ചുകളുടെ പ്രതികരണം.

കമ്മീഷൻ ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിപ്റ്റോ എക്സ്​ചേഞ്ചുകൾ ഇടനിലക്കാരായി ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും അന്വേഷിച്ചുവരികയാണ്. കെ.​വൈ.സി പ്രക്രിയകൾ മറികടന്ന് അക്കൗണ്ടുകളനുവദിച്ചോ എന്നതടക്കം വിഷയങ്ങൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.  

Tags:    
News Summary - 27 crypto exchanges in Govt crosshairs: Over 2800 victims, Rs 600 crore laundered in 21 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.