ഛത്തീസ്ഗഡിൽ 26 മാവോവാദികൾ കീഴടങ്ങി

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ 26 മാവോവാദികൾ കീഴടങ്ങി. 'പൂന മാർഗം' (പുനരധിവാസത്തിൽ നിന്ന് സാമൂഹിക പുനഃസംയോജനത്തിലേക്ക്) പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി ഏഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാർ സുക്മയിലെ മുതിർന്ന പൊലീസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയതായി സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചു.

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ബറ്റാലിയൻ, സൗത്ത് ബസ്തർ ഡിവിഷൻ, മാഡ് ഡിവിഷൻ, ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷൻ എന്നിവയിൽ സജീവമായിരുന്ന ഇവർ ഛത്തീസ്ഗഡിലെ അബുജ്മദ്, സുക്മ, ഒഡീഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിരവധി അക്രമ സംഭവങ്ങളിൽ പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ പുനരധിവാസ നയത്തിൽ തങ്ങൾക്ക് മതിപ്പുണ്ടെന്ന് കേഡർമാർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവരിൽ ലാലി എന്ന മുച്ചകി ആയ്തെ ലഖ്മു (35) ന്റെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2017ൽ ഒഡീഷയിലെ കോരാപുട്ട് റോഡിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഐ.ഇ.ഡി സ്ഫോടനം നടത്തിയതുൾപ്പെടെ നിരവധി പ്രധാന അക്രമ സംഭവങ്ങളിൽ അവർ ഉൾപ്പെട്ടിരുന്നു. അന്ന് 14 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കീഴടങ്ങിയ എല്ലാ നക്സലൈറ്റുകൾക്കും 50,000 രൂപ വീതം സഹായം നൽകി, സർക്കാറിന്റെ നയമനുസരിച്ച് അവരെ കൂടുതൽ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെട്ട എല്ലാവരോടും അക്രമം ഉപേക്ഷിക്കാനും കിരൺ ചവാൻ അഭ്യർഥിച്ചു. അവർക്ക് സുരക്ഷയും മാന്യമായ ജീവിതവും ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ സുക്മ ജില്ലയിൽ സുരക്ഷസേന നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തിയിരുന്നു. ഓപറേഷൻ പ്രഹാർ എന്ന പേരിലായിരുന്നു തിരച്ചിൽ. മാവോവാദികളുടെ അനധികൃത ആയുധനിർമാണ കേന്ദ്രം അന്ന് സുരക്ഷാസേന പൊളിച്ചുമാറ്റിയിരുന്നു.  

Tags:    
News Summary - 26 Maoists surrender in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.