കശ്മീരികൾ സഞ്ചരിച്ച ബസ്സിന് നേരെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഉമർ അബ്ദുല്ല: ഹരിയാനയിൽ രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹരിയാനയിൽ കശ്മീരികൾ സഞ്ചരിച്ച സ്വകാര്യ സ്ലീപ്പർ ബസ്സിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരു യാത്രക്കാരനും ജീവനക്കാരനും പരിക്കേറ്റു. കേസിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. കശ്മീരികൾക്ക് നേരെയുണ്ടായത് വിദ്വേഷ കുറ്റകൃത്യമാണെന്ന് കശ്മീരി നേതാക്കൾ ആരോപിച്ചു. ആക്രമണത്തെ അപലപിച്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു. "വളരെ നിർഭാഗ്യകരമായ ആക്രമണം, സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.

നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാരും ഹരിയാന പൊലീസും ഇത്തരം കാര്യങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. നിയമപ്രകാരം ഉടനടി കർശനമായ നടപടിയുണ്ടാകുമെന്ന് ഭരണകൂടം ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രി നിലോഖേരിക്ക് സമീപമുള്ള ഒരു ധാബയിൽ വെച്ചാണ് സംഭവം. കശ്മീരിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ബസ്സിന് നേരെ പ്രതികൾ ഇഷ്ടികയും കല്ലും എറിയുകയായിരുന്നു. ആക്രമണത്തിൽ ബസ്സിന്റെ ജനൽച്ചില്ലുകൾ തകർന്നു.

എന്നാൽ, ഇത് വിദ്വേഷ കുറ്റകൃത്യമല്ലെന്നാണ് ഹരിയാന പൊലീസിന്റെ നിലപാട്. വഴിയരികിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി 10 മണിയോടെ ധാബക്ക് സമീപം ബസ്സിന്റെയും കാറിന്റെയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്ന് കർനാൽ പൊലീസ് സൂപ്രണ്ട് (എസ്.പി) കരൺ ഗോയൽ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ്, കാറിലുണ്ടായിരുന്ന മോഹിത്, സാവൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ധാബ മാനേജരുടെ പരാതിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. "ധാബയ്ക്ക് പുറത്ത് പാർക്കിങിനെച്ചൊല്ലി രണ്ട് ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തർക്കം രൂക്ഷമായതോടെ പ്രതികൾ ബസ്സിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും യാത്രക്കാരന് പരിക്കേൽക്കുകയുമായിരുന്നു. ബസ് ഡ്രൈവറോ കണ്ടക്ടറോ യാത്രക്കാരോ ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ല. ബസ് പിന്നീട് ശ്രീനഗറിലേക്ക് യാത്ര തുടർന്നു," എസ്.പി അറിയിച്ചു.

അതേസമയം, സംഭവം വിദ്വേഷ കുറ്റകൃത്യമാണെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദാർ പറഞ്ഞു. "ഡൽഹി-ശ്രീനഗർ റൂട്ടിൽ കുരുക്ഷേത്രയ്ക്ക് സമീപം ജമ്മു കശ്മീർ രജിസ്ട്രേഷനുള്ള ബസ്സിന് നേരെ കല്ലും ഇഷ്ടികയും എറിഞ്ഞു. ആക്രമണത്തിൽ പ്രായമായ ഒരു കശ്മീരിക്ക് പരിക്കേറ്റു. കുടുംബങ്ങൾ ഭയചാകിതരും നിസ്സഹായരുമായി. നിഷ്കളങ്കരായ ആളുകൾക്ക് നേരെയുണ്ടായ വധശ്രമത്തെ ഞങ്ങൾ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു," എന്ന് ദാർ പറഞ്ഞു.

Tags:    
News Summary - Omar seeks action as J&K bus attacked in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.