'ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല' - നെഞ്ചുലച്ച്​ യുവതിയുടെ അവസാന വിഡിയോ

അഹമ്മദാബാദ്​: സബർമതി നദിയിൽ ചാടി ജീവനൊടുക്കും മുമ്പ്​ യുവതി നിറചിരിയുമായി ചിത്രീകരിച്ച്​ ഭർത്താവിനയച്ച വിഡിയോ കാണുന്നവരുടെയെല്ലാം കണ്ണുനനയിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. നദിക്കരയിൽ നിന്നുകൊണ്ടാണ്​ 23 കാരിയായ യുവതി വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്​. ഉള്ളിൽ നിന്ന്​ അണപൊട്ടുനൊരുങ്ങുന്ന ദു:ഖത്തെ മറക്കാൻ നിറഞ്ഞ ചിരിയുമായാണ്​ വിഡിയോയിൽ യുവതി സംസാരിക്കുന്നത്​.

അഹമ്മദാബാദ്​ സ്വദേശിനി ആയിശ ഭാനു (23) ആണ്​ വ്യാഴാഴ്ച സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്​. 2018 ലായിരുന്നു ഇവർ രാജസ്​ഥാൻ സ്വദേശി ആരിഫ്​ ഖാൻ ഗഫൂർജിയെ വിവാഹം ചെയ്​തത്​. എന്നാൽ, ഭർത്താവ്​ തിരിച്ചയച്ചതിനെ തുടർന്ന്​ 2020 മാർച്ച്​ മാസം മുതൽ ആയിശ മാതാപിതാക്കളോടൊപ്പം അഹമ്മദാബാദിൽ കഴിയുകയായിരുന്നു.

ഐ.സി.​െഎ.സി.​െഎ ബാങ്കിൽ ജോലി ചെയ്​തിരുന്ന ആയിശ വ്യാഴാഴ്ച രാവിരെ വീട്ടിൽ നിന്ന്​ ജോലിക്കായി പുറത്ത്​ പോയതായിരുന്നു. വൈകീട്ട്​ 4.30 ഒാടെ പിതാവ്​ ലിയാഖത്ത്​ അലിയെ വിളിച്ച്​ ജീവനൊടുക്കുന്ന വിവരം അറിയിക്കുകയായിരുന്നത്രെ. വ്യാഴാഴ്ച തന്നെ നദിയിൽ നിന്ന്​ ആയിശയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

സ്​ത്രീധനമാവശ്യപ്പെട്ട്​ നേരത്തെയും ഭർതൃവീട്ടുകാർ ആയിശയെ തിരിച്ചയച്ചിരുന്നു​െവന്ന്​ പിതാവ്​ ലിയാഖത്ത്​ പറയുന്നു. ഒാരോ തവണയും അവർ ആവശ്യ​പ്പെട്ട പണം താൻ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി 2020 ജനുവരിയിൽ 2.5 ലക്ഷം രൂപ കൈപറ്റിയ ശേഷമാണ്​ ആയിശയെ ഭർത്താവ്​ ആരിഫ്​ വീട്ടിലേക്ക്​ കൊണ്ടുപോയത്. എന്നാൽ, മാർച്ചിൽ ആയിശയെ അയാൾ വീണ്ടും അഹമ്മദാബാദിലെ വീട്ടിലേക്ക്​ തിരിച്ചയക്കുകയായിരുന്നു. ശേഷം, അയാൾ ഒന്നു ഫോണിൽ വിളിക്കുക പോലും ​െചയ്യാത്തതിൽ ആയിശ ഏറെ വിഷമിച്ചിരുന്നുവെന്നും പിതാവ്​ ലിയാഖത്ത്​ പറഞ്ഞു.

'ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്‍റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്‍റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. പ്രണയമെന്നാൽ അത് രണ്ടുപേരുടെയും പരസ്​പര സ്‌നേഹമാണ്​. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങൾ എന്നെ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല…'- ഭർത്താവിനും പിതാവിനും അയച്ചു കൊടുത്ത വിഡി​യോയിൽ ആയിശ പറയുന്നു.

ആയിശയുടെ വിഡിയോ പുറത്തുവന്നതോടെ ഭർത്താവ്​ ആരിഫിനെതിരെ ആത്മഹത്യ പ്രേരണക്ക്​ പൊലീസ്​ കേസെടുക്കുകയും അയാളെ അറസ്റ്റു ചെയ്യുകയും ചെയ്​തു. 


Tags:    
News Summary - 23-yr-old woman dies by jumping into river after recording heart touching video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.