ചെന്നൈ: വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണുളളത്. നാലുപേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. 10 മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇവിടുത്തെ നാല് മുറികൾ പൂര്‍ണമായി തകര്‍ന്നു. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനം നടക്കുമ്പോൾ 50ലേറെ സ്ഥലത്തുണ്ടായിരുന്നു. ആദ്യ സ്ഫോടനത്തിന് ശേഷവും പടക്കം പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് അധികൃതർ പറയുന്നു.
വിരുതുനഗറിൽ പടക്ക സ്ഫോടനം തുടർക്കഥ
ചെന്നൈ: വിരുതുനഗർ ജില്ലയിലെ പടക്ക നിർമാണ കേന്ദ്രങ്ങളിലെ സ്ഫോടന ദുരന്തങ്ങൾ തുടർക്കഥയാവുകയാണ്. രാജ്യത്തെ പടക്ക നഗരമായി അറിയപ്പെടുന്ന ശിവകാശി ഉൾപ്പെടുന്ന ജില്ലയിൽ ചെറുതും വലുതുമായ 8000ത്തിലധികം പടക്ക നിർമാണശാലകളാണ് പ്രവർത്തിക്കുന്നത്. ശിവകാശിയിൽ മാത്രം 1200ഒാളം അംഗീകൃത പടക്ക നിർമാണ കേന്ദ്രങ്ങളുണ്ട്. ആയിരക്കണക്കിന് അനധികൃത കുടിൽ വ്യവസായ യൂനിറ്റുകളും പ്രവർത്തിക്കുന്നു. രണ്ടുലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. ശിവകാശിയിലാണ് രാജ്യത്ത് ഉപയോഗിക്കുന്ന പടക്കങ്ങളുടെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത്.
ഓരോ വർഷവും പടക്ക നിർമാണശാലകളിലുണ്ടാവുന്ന സ്ഫോടന സംഭവങ്ങൾ കൂടുകയാണ്. ദരിദ്ര കുടുംബങ്ങളിലെ നിരവധി തൊഴിലാളികളാണ് ഇതിൽ കൊല്ലപ്പെടുന്നത്. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. മന്ത്രിമാരുൾപ്പെടുന്ന ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ആശ്വസിപ്പിക്കും. ഇൗ പ്രക്രിയ തുടരുമ്പോഴും അപകടങ്ങൾ നിയന്ത്രിക്കാൻ അധികൃതതലത്തിൽ നടപടികളുണ്ടാവുന്നില്ലെന്നാണ് ദുഃഖകരമായ വസ്തുത.10 ദിവസത്തിനിടെ വിരുതുനഗർ ജില്ലയിൽ മൂന്ന് പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. 2024 ഫെബ്രു.17ന് 10 പേരും 2024 ജൂൺ 29ന് നാലുപേരും 2025 ജൂലൈ ഒന്നിന് ഏഴുപേരും ജൂലൈ 22ന് മൂന്നുപേരും മരിച്ചു.
ഈയിടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) നിർദേശപ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സംഘം അപകടം നടന്ന യൂനിറ്റുകളിൽ പരിശോധന നടത്തിയിരുന്നു. മിക്കയിടങ്ങളിലും ഗുരുതരമായ സുരക്ഷ പിഴവുകളും മാർഗനിർദേശങ്ങൾ കാറ്റിൽപറത്തുന്നതുമാണ് കണ്ടെത്തിയത്. പടക്ക നിർമാണ ഫാക്ടറികൾക്ക് ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾ, ഫാൻസി പടക്കങ്ങൾ തുടങ്ങി പല കാറ്റഗറികളിലായാണ് ലൈസൻസ് അനുവദിക്കുക. എന്നാൽ, അനുമതി നൽകാത്ത പടക്കങ്ങളും അനധികൃതമായി നിർമിക്കുന്നതായാണ് കണ്ടെത്തിയത്. പലയിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് തുറസ്സായ സ്ഥലങ്ങളിലും ഷെഡുകളിലും വെടിമരുന്ന് അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്നതായും കണ്ടെത്തി. മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇടുങ്ങിയ മുറികളിലായാണ് പടക്കം നിർമിക്കുന്നത്.
സ്വയമേവ വിഘടിക്കുന്നതായി അറിയപ്പെടുന്ന കളർ പെല്ലറ്റുകൾ കൈകാര്യം ചെയ്യുന്നതിലാണ് മറ്റൊരു പ്രധാന സുരക്ഷാ പിഴവ്. ഈ പെല്ലറ്റുകൾ സൂര്യപ്രകാശത്തിൽ ഉണക്കുന്നത് തീപിടിത്ത സാധ്യത വർധിക്കുന്നതായും സംഘം കണ്ടെത്തി. തെറ്റായ കെട്ടിട രൂപകൽപനകൾ സ്ഫോടന സമയത്ത് ആഘാതം വർധിപ്പിക്കുന്നു. സെൻസിറ്റിവ് ആയ കരിമരുന്ന് പ്രയോഗ വസ്തുക്കൾ തെറ്റായും മാർഗനിർദേശങ്ങൾ പാലിക്കാതെയും കൈകാര്യം ചെയ്യുന്നതുമൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. തൊഴിലാളികളുടെ കരിമരുന്ന് പ്രയോഗ പരിജ്ഞാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അഭാവവും മറ്റൊരു മുഖ്യ കാരണമാണ്. അനധികൃത പടക്ക നിർമാണ യൂനിറ്റുകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനും അംഗീകൃത യൂനിറ്റുകളിൽ പതിവായി പരിശോധന നടത്തുന്നതിനും പ്രത്യേക സംവിധാനം നടപ്പാക്കേണ്ടതുണ്ട്.പടക്ക നിർമാണ വ്യവസായത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.