ബിജാപുർ/കാങ്കർ: ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ വ്യാഴാഴ്ച രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചു. ബിജാപുർ ജില്ലയിൽ 26 മാവോവാദികളെയാണ് വധിച്ചത്. കാങ്കറിൽ നാലു പേരെയും ബി.എസ്.എഫും സംസ്ഥാന പൊലീസിലെ പ്രത്യേകസേനയും വെടിവെച്ചു കൊന്നു. ബിജാപൂരിൽ ഒരു പൊലീസുകാരനും മരിച്ചു.
ബിജാപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ രാവിലെ ഏഴോടെ മാവോവാദി വിരുദ്ധ ഓപറേഷൻ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 26 പേരുടെ മൃതദേഹങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പൊലീസ് ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി) യൂനിറ്റിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട പൊലീസുകാരൻ.
കാങ്കർ, നാരായൺപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നതെന്ന് കാങ്കർ എസ്.പി ഇന്ദിരാ കല്യാൺ എലെസേല പറഞ്ഞു.
വെടിവെപ്പിന് പിന്നാലെ നാല് മാവോവാദികളുടെ മൃതദേഹങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന രണ്ടു സ്ഥലങ്ങളിലും തിരച്ചിൽപുരോഗമിക്കുകയാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 105 മാവോവാദികളെയാണ് വെടിവച്ചുകൊന്നത്. ബിജാപുർ, കാങ്കർ എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ മാത്രം 89 പേരെ കൊന്നതായാണ് കണക്കുകൾ. രാജ്യത്തെ നക്സൽ മുക്തമാക്കാനുള്ള കുതിപ്പിൽ സുരക്ഷാ സേന മറ്റൊരു വലിയ വിജയം നേടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മാവോവാദികൾക്കെതിരെ മോദി സർക്കാർ കർശന സമീപനവുമായി മുന്നോട്ട് പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു. എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും കീഴടങ്ങാത്തവർക്കെതിരെ അനുകമ്പയുണ്ടാകില്ല. അടുത്ത വർഷം മാർച്ച് 31 ഓടെ രാജ്യം മാവോവാദി മുക്തമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ‘എക്സി’ൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.