ഗസ്സ: ഗസ്സയിലെ ഖാൻ യൂനിസിൽ നാസർ ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്ത് 21 പേരെ കൊലപ്പെടുത്തി. ആശുപത്രി വളഞ്ഞ സൈന്യം തുരുതുരാ വെടിവെക്കുകയായിരുന്നു. ഖാൻ യൂനിസിൽ വെള്ളം അവശേഷിക്കുന്ന ഒരേയൊരു സ്ഥലം ആശുപത്രിയാണെന്ന് അൽജസീറ റിപ്പോർട്ടർ ഹാനി മുഹമ്മദ് പറഞ്ഞു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ഇസ്രായേൽ തുടരുന്ന യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. ആശുപത്രിയുടെ മേൽക്കൂരയിൽ തടിച്ചുകൂടിയ യുവാക്കൾക്കുനേരെ ഡ്രോൺ ആക്രമണവും നടത്തി.
ഖാൻ യൂനിസിലെ അമൽ ആശുപത്രി, നാസർ ആശുപത്രി എന്നിവ ആഴ്ചകളായി ഇസ്രായേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും മുന്നറിയിപ്പ് അവഗണിച്ച് ഇസ്രായേൽ ഗസ്സയിലെ റഫയിൽ കനത്ത ആക്രമണം തുടരുകയാണ്. കരയാക്രമണത്തിന് മുന്നോടിയായി റഫയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു.
മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ വെള്ളിയാഴ്ച റഫയിൽ കൊല്ലപ്പെട്ടു. ഇതിൽ അഞ്ചുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. മാനുഷിക സഹായം എത്തിക്കാനുള്ള പ്രവേശന കവാടമായ റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ പിന്തുണക്കില്ലെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം പരിധിവിടുന്നതായി യു.എസ് പ്രസിഡന്റ് ബൈഡൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു.എസ് സൈനിക സഹായം വാങ്ങുന്ന രാജ്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.