ന്യൂഡൽഹി: പട്ടികജാതി-വർഗ മണ്ഡലങ്ങളിൽ പാർട്ടിയുടെ ജയസാധ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 56 സംവരണ ലോക്സഭ മണ്ഡലങ്ങളിലേക്കിറങ്ങാൻ കോൺഗ്രസ് പദ്ധതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടപ്പെട്ട സീറ്റുകളാണിവ.
ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംവരണ മണ്ഡലങ്ങൾ നഷ്ടപ്പെട്ടതാണ് 2014ലും 2019ലും പാർട്ടിയുടെ തോൽവി ദയനീയമാക്കിയതെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സഹായി കെ. രാജുവിനാണ് ഇതിന്റെ മേൽനോട്ടം. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് നേതൃത്വം വിവിധ സംസ്ഥാനങ്ങൾക്ക് ഉടൻ നൽകും.
എസ്.സി-എസ്.ടി വിഭാഗങ്ങളിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലുമുള്ള വ്യക്തികളെ ലക്ഷ്യമിട്ട് നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്രീകരിച്ച് നേതൃവികസന ദൗത്യം എന്ന പേരിലാണ് പ്രവർത്തന പരിപാടിയുമായി ഇറങ്ങുന്നത്. പാർട്ടിയെ നയിക്കാൻ തക്ക വൈദഗ്ധ്യവും ജനപിന്തുണയുമുള്ള വ്യക്തികളെയാണ് ഇതിനായി തേടുന്നത്. ഇതിന്റെ ഭാഗമായി ഒരു ‘പാർലമെന്റ് സീറ്റ് ഇൻ ചാർജ്’ ഉണ്ടാകും. ദലിതുകൾ, ഗോത്രവർഗക്കാർ, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുടെ പിന്തുണ ആർജിക്കാൻ ശേഷിയുള്ള വ്യക്തികളെ കണ്ടെത്തുന്ന പ്രവർത്തനം ചുമതലയുള്ളയാൾ ഏകോപിപ്പിക്കും. ഇതോടൊപ്പം 2023ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, കർണാടക, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 243 സംവരണ നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക കർമപദ്ധതി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.