പ്രധാനമന്ത്രിയുടെ പ്രസ്താവന ആസൂത്രിത അപകീര്‍ത്തിപ്പെടുത്തലെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആസൂത്രിതമായ അപകീര്‍ത്തിപ്പെടുത്തല്‍ കാമ്പയിനിന്‍െറ ഭാഗമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം.
കോഴിക്കോട് ബി.ജെ.പി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് പാകിസ്താന്‍ രംഗത്തുവന്നത്.
പാകിസ്താനെതിരെ പ്രകോപനപരമായ പ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്നത് കശ്മീര്‍ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഇന്ത്യന്‍ നേതാക്കളുടെ ഈ ആസൂത്രിതമായ അപകീര്‍ത്തിപ്പെടുത്തല്‍ തുടരുന്നത് നിരാശാജനകമാണ്. കശ്മീരിലെ അതിക്രമങ്ങളില്‍നിന്ന് ലോകത്തിന്‍െറ ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരില്‍ നിരപരാധികളും നിസ്സഹായരുമായ സ്ത്രീകളെയും കുട്ടികളെയും ഇന്ത്യന്‍ സൈന്യം പീഡിപ്പിക്കുകയാണെന്ന പാക് ആരോപണം പ്രസ്താവന ആവര്‍ത്തിച്ചു. നൂറിലധികം കശ്മീരികളെ ഇന്ത്യ വധിക്കുകയും അന്ധരാക്കുകയും ചെയ്തതായും ആയിരങ്ങള്‍ക്ക് പരിക്കുപറ്റിയതായും ആരോപിക്കുന്നുണ്ട്.
അന്താരാഷ്ട്ര സമൂഹം ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭയും ഒ.ഐ.സിയും അടക്കമുള്ള കൂട്ടായ്മകള്‍ പ്രതികരിച്ചതായും പാകിസ്താന്‍ പറയുന്നു.
ബലൂചിസ്താന്‍ അടക്കമുള്ള പാകിസ്താനിലെ പ്രദേശങ്ങളില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്നതായും പാക് സേനയുടെ പിടിയിലായ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ സിങ്ങിന്‍െറ മൊഴി ഇതിന് തെളിവാണെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി സംസാരിച്ച പൊതുചടങ്ങായിരുന്നു കോഴിക്കോട്ട് നടന്നത്. ഉറിയില്‍ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം വെറുതെയാകില്ളെന്നും പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും സമ്മേളനത്തില്‍ മോദി പ്രസ്താവിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.