രുചിക കേസ്: രാത്തോഡിന്‍റെ ശിക്ഷ ദീർഘിപ്പിക്കേണ്ട -സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡനത്തിന് ഇരയായ ടെന്നിസ് താരം രുചിക ആത്മഹത്യ കേസിൽ പ്രതി ഹരിയാന മുന്‍ ഡി.ജി.പി എസ്.പി.‌എസ് രാത്തോഡിന്‍റെ തടവുശിക്ഷ ദീർഘിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി. സി.ബി.ഐ കോടതി വിധിച്ച ആറുമാസം കഠിനത്തടവ് കോടതി ശരിവെച്ചു. കേസിലെ പ്രതിയായ റാത്തോഡ് കീഴ്കോടതി വിധിച്ചതിൽ കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. നേരത്തെ റാത്തോഡിന് വിധിച്ച ആറു മാസ തടവുശിക്ഷ കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി കേസന്വേഷിച്ച സി.ബി.ഐയും രുചികയുടെ ബന്ധുക്കളും ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി ശിക്ഷ 18 മാസമായി ദീർഘിപ്പിച്ചു വിധി പുറപ്പെടുവിച്ചു.   

13കാരിയും ടെന്നീസ് താരമായിരുന്ന രുചികയെ 1990ൽ ചണ്ഡിഗഡിലെ പഞ്ചകുലയിൽവെച്ചാണ് ഹരിയാന മുന്‍ ഡി.ജി.പിയായിരുന്ന എസ്.പി.എസ് റാത്തോഡ് മാനഭംഗപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതോടെ രുചികയുടെ വീട്ടുകാര്‍ റാത്തോഡിനെതിരെ കേസ് കൊടുത്തു. തുടർന്ന് രുചികയുടെ കുടുംബത്തെ വേട്ടയാടുന്ന നീക്കങ്ങളാണ് ഹരിയാന പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത്.

രുചികയുടെ പിതാവിനും സഹോദരനും എതിരെ പതിനൊന്നോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാത്തോഡ് അവസാനം രുചികയെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നതിലും വിജയിച്ചു. അപമാന ഭീതിയിലും കുടുംബാംഗങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളിലും മനം‌നൊന്ത് മൂന്നു വര്‍ഷത്തിന് ശേഷം രുചിക ജീവനൊടുക്കുകയായിരുന്നു.

19 വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ 2009 ഡിസംബര്‍ 21ന് രാത്തോഡിന് സി.ബി.ഐ കോടതി ആറുമാസം കഠിന തടവ് ശിക്ഷ വിധിച്ചു. ഇതിനിടെ കോടതി വളപ്പില്‍ വെച്ച് ഉത്സവ് ശമ്മ എന്നൊരാള്‍ രാത്തോഡിനെ കുത്തി മുറിവേല്‍പ്പിച്ചത് കേസ് നീളാന്‍ കാരണമായി. കേസിന്‍റെ അന്വേഷണം വിവാദമായ പശ്ചാത്തലത്തിൽ രുചികയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹരിയാന പൊലീസില്‍ നിന്ന് എടുത്തുമാറ്റി സി.ബി.ഐക്ക് കൈമാറിയിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.