ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി പരീകര്‍ക്കും പ്രതിപക്ഷത്തിന്‍െറ രൂക്ഷവിമര്‍ശം.
വിരിമാറിനെക്കുറിച്ച് മേനിപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക വിഷയങ്ങളില്‍ ദുര്‍ബലനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആര്‍.എസ്.എസുകാരനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം നീക്കിവെക്കുന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീകറെ വീഴ്ചകള്‍ മുന്‍നിര്‍ത്തി മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷവുമായി കൂടിയാലോചിക്കാന്‍ തയാറായാല്‍ മുന്‍കാല ഭരണപരിചയം വെച്ച് ഉപദേശം നല്‍കാന്‍ കോണ്‍ഗ്രസ് തയാറാവും. പക്ഷേ, തന്ത്രപരമായ ബുദ്ധിയോ ധാരണയോ ഭരണകാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ളെന്നാണ് വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ അതിര്‍ത്തിയും ദേശസുരക്ഷയും രണ്ടു വര്‍ഷമായി പ്രശ്നത്തിലാണെന്നും പ്രതിരോധമന്ത്രി ഇതിന് ഉത്തരവാദിയാണെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു.
യു.പി.എ അധികാരത്തിലിരുന്നപ്പോള്‍, പാകിസ്താന് നിരന്തരം പ്രണയലേഖനങ്ങള്‍ എഴുതുന്നതു നിര്‍ത്താനാണ് മോദി ആവശ്യപ്പെട്ടത്. ഒരു തലയെടുത്താല്‍ 10 തലയെടുക്കുമെന്നുമൊക്കെ വീരവാദം പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.
വായ്ത്താരി നിര്‍ത്തി, സുവ്യക്തമായ നിലപാടിന് മോദി തയാറാകണം. മോദിയുടെ പാകിസ്താന്‍ നയം ആശയക്കുഴപ്പം നിറഞ്ഞതാണ്, പ്രായോഗികത ഇല്ലാത്തതാണ്. സാരി-ഷാള്‍ നയതന്ത്രത്തിലായിരുന്നു അതിന്‍െറ തുടക്കമെങ്കില്‍, ഇന്നിപ്പോള്‍ യുദ്ധസമാന സാഹചര്യമായി. പിഴവുകള്‍ക്ക് ഉത്തരവാദിയെ നിര്‍ണയിക്കേണ്ടതുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.