ഉറി ഭീകരാക്രമണം: മരണം 18 ആയി; പ്രതിരോധ മന്ത്രി റിപ്പോർട്ട് കൈമാറി

ശ്രീനഗര്‍: ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ജവാനാണ് മരിച്ചതെന്ന് കരസേന അറിയിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 17 ജവാന്‍മാർ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ 30 ഓളം ജവാന്‍മാർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്ടർ, റോ മേധാവി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ബി.എസ്.എഫ്- സി.ആർ.പി.എഫ് ഡയറക്ടർ ജനറൽമാർ, ആഭ്യന്തര- പ്രതിരോധ മന്ത്രാലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. രാവിലെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുടെ യോഗം വസതിയിൽ വിളിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, കരസേനാ മേധാവി ജനറൽ ദൽബീർ സിങ് എന്നിവർ പങ്കെടുക്കുന്നു. 

ഞായറാഴ്ച ഉറിയിലെ സേനാക്യാമ്പിനുള്ളിൽ ഇരച്ചുകയറിയ സായുധരായ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനത്തില്‍ ടെന്‍റുകള്‍ക്ക് തീപിടിച്ചാണ് കൂടുതല്‍ സൈനികരും മരിച്ചത്. തീപിടിച്ച ടെന്‍റില്‍ നിന്ന് അടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു. ഒരു യൂനിറ്റിന് പകരം സൈന്യത്തിന്‍െറ അടുത്ത യൂനിറ്റ് ചാര്‍ജെടുക്കുന്ന കമാന്‍ഡ് മാറ്റ സമയത്തായിരുന്നു ആക്രമണം.

നിയന്ത്രണരേഖക്കടുത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സേനാ താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. തുടര്‍ന്ന്  മൂന്നു മണിക്കൂര്‍ നീണ്ട കനത്ത പോരാട്ടത്തില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെയും സൈന്യം വധിച്ചു. സലാമബാദ് ഭാഗത്തുകൂടി നുഴഞ്ഞുകയറിയ ജയ്ശെമുഹമ്മദ് ഭീകരരാണ് ഉറി ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.