ഭീകരതക്കെതിരെ ഉറച്ച നടപടി വേണമെന്ന് ‘നാം’ ഉച്ചകോടിയില്‍ ഇന്ത്യ

പോര്‍ലമര്‍ (വെനിസ്വേല): മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്ന തരത്തില്‍ ഭീകരവാദം മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭീകരതക്കെതിരെ സുശക്തമായ പോരാട്ടം ആവശ്യമാണെന്ന് വെനിസ്വേലയില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യ.
പ്രധാനമന്ത്രിയുടെ അഭാവത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിക്കുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് 17ാമത് ഉച്ചകോടിയിലെ പ്ളീനറി സമ്മേളനത്തില്‍ ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദത്തെ തുടച്ചുനീക്കുന്നതിന് ചേരിചേരാ രാജ്യങ്ങളില്‍നിന്ന്  ഉറച്ച നടപടികള്‍ തേടിയത്. ഭീകരവാദത്തിനെതിരെ സുശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയമായതായി അംഗരാജ്യങ്ങള്‍ തിരിച്ചറിയണം. രാജ്യങ്ങളുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും ഒപ്പം വികസനത്തെയും ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടുന്നതിനും അതിനെതിരെ പോരാടുന്നതിനും 120 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ചേരിചേരാ പ്രസ്ഥാനത്തിനു കീഴില്‍ സംവിധാനമൊരുക്കണമെന്നും ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തില്‍ ഭീകരവാദത്തിനു തടയിടുന്നതിന് നിലവിലുള്ള നിയമങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ഭീകരവിരുദ്ധ നയവും പൂര്‍ണമായി പ്രയോഗിക്കുന്നതിനൊപ്പം അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഭാവിയില്‍ സമഗ്ര കൂട്ടായ്മ രൂപവത്കരിക്കുന്ന കാര്യവും ഉച്ചകോടിയില്‍ പരിഗണിക്കപ്പെട്ടു. ഭീകരവാദവും ആക്രമകാരണമാകുന്ന തീവ്രവാദവും ഏതെങ്കിലും മതത്തിന്‍െറയോ രാജ്യത്തിന്‍െറയോ സംസ്കാരത്തിന്‍െറയോ വംശങ്ങളുടെയോ ഭാഗമായുണ്ടാവുന്നതല്ളെന്ന് ഉച്ചകോടി ആവര്‍ത്തിച്ചു. അതേസമയം, ഈ ഘടകങ്ങള്‍ ഭീകരവാദത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവരരുതെന്നും അഭിപ്രായമുയര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.