ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷങ്ങളെ ഉള്‍ക്കൊണ്ട് ഭരണഘടന നടപ്പാക്കണമെന്ന് നേപ്പാളിനോട് ഇന്ത്യ. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലത്തെിയ പുതിയ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ എന്ന പ്രചണ്ഡയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഏറ്റവും അടുത്ത അയല്‍ക്കാരെന്ന നിലയിലും സൗഹൃദ രാഷ്ട്രമെന്ന നിലയിലും നേപ്പാളിലെ സമാധാനവും സുസ്ഥിരതയും സാമ്പത്തിക പുരോഗതിയും പരസ്പരമുള്ള ലക്ഷ്യമാണ്. നേപ്പാളിന്‍െറ പുരോഗതിക്കായുള്ള ഓരോ ചുവടിലും അവരോടൊപ്പം നില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. പ്രചണ്ഡയുടെ നേതൃത്വത്തിന് കീഴില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണഘടന നടപ്പാക്കാന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പ്രസ്താവനയില്‍ പറഞ്ഞു.
ഇരുരാഷ്ട്ര നേതാക്കളും കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളില്‍ ധാരണയിലത്തെിയതായും നേപ്പാളിന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും പ്രസ്താവനയില്‍ അറിയിച്ചു.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന്‍െറ പുനരുദ്ധാരണത്തിന് 150 മില്യന്‍ ഡോളര്‍ (ആയിരം കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കുന്നതടക്കമുള്ള മൂന്നു കരാറുകളില്‍ കൂടിക്കാഴ്ചയില്‍ ഒപ്പുവെച്ചു. പ്രതിരോധ-സൈനിക മേഖലകളില്‍ നിലവിലുള്ള സഹകരണം തുടരാനും ഇരുരാജ്യങ്ങളും ധാരണയിലത്തെി. ഇന്ത്യന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് സമയാസമയങ്ങളില്‍ പരിശോധന നടത്തുന്നതിനും വ്യവസ്ഥയായി.
പ്രചണ്ഡ അധികാരമേറ്റശേഷമുള്ള ആദ്യ സന്ദര്‍ശനം മേഖലയില്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ ചൈന നേപ്പാളുമായി അടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം നിലവില്‍വന്ന ഭരണഘടനക്കെതിരെ മധേശി വിഭാഗത്തിന്‍െറ പ്രതിഷേധത്തെ തുടര്‍ന്ന് ജൂലൈയിലാണ് കെ.പി. ശര്‍മ ഓലി പ്രധാനമന്ത്രി പദം രാജിവെച്ചത്. തുടര്‍ന്നാണ് നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ട്ടി നേതാവ് കൂടിയായ പ്രചണ്ഡ അധികാരത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.