ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കാന്‍ ഒരുക്കം; എതിര്‍പ്പ് ശക്തം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ (ജി.എം) വിളകള്‍ പരീക്ഷിക്കുന്നതിനുമുമ്പ് സുരക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്ന വാഗ്ദാനം ലംഘിച്ച് ജി.എം കടുകിന് അനുമതി നല്‍കുന്നതിന് മുന്നോടിയായുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങവെ കര്‍ഷക, പൗരാവകാശ സമൂഹത്തില്‍നിന്ന് എതിര്‍പ്പ് ശക്തമാവുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ പരിശോധിക്കാന്‍ ജനിതക എന്‍ജിനീയറിങ് പരിശോധനാ സമിതി (ജി.ഇ.എ.സി) രൂപവത്കരിച്ച ഉപസമിതിയില്‍ ആരോഗ്യവിദഗ്ധര്‍ ഇല്ളെന്നും മൂന്നംഗങ്ങള്‍ സ്ഥാപിത താല്‍പര്യങ്ങളുള്ളവരാണെന്നും കോയിലേഷന്‍ ഫോര്‍ എ ജി.എം ഫ്രീ ഇന്ത്യ എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

ജൈവ വൈവിധ്യത്തിനോ കാര്‍ഷിക പാരിസ്ഥിതിക വ്യവസ്ഥക്കോ യാതൊരു ഭീഷണിയും ഉണ്ടാവില്ളെന്നാണ് സമിതി നല്‍കിയ റിപ്പോര്‍ട്ട്. ആരോഗ്യ വിദഗ്ധര്‍ ഇല്ലാത്ത ഒരു സമിതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവില്ളെന്ന് വിധിയെഴുതിയ റിപ്പോര്‍ട്ട് വിശ്വസനീയമോ ശാസ്ത്രീയമോ അല്ളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മിറ്റിയുടെ മേധാവിയായ കെ. വേലുത്തമ്പി സര്‍വിസിലിരിക്കെതന്നെ ജി.എം വിളകളുടെ പരിപാലകനും വക്താവുമായിരുന്നു. വിരമിച്ചശേഷം വിദേശ സംഘടനകളുടെ പിന്തുണയോടെ ജി.എം അരി സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തിവരികയാണ്. മറ്റ് രണ്ടംഗങ്ങളും സമാനപാതയില്‍ ഉള്ളവരാണ്. അതിനിടെ സമിതിയുടെ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പരിസ്ഥിതി മന്ത്രാലയം 30 ദിവസത്തിനകം പ്രതികരണം അറിയിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, രേഖകള്‍ പരിശോധിക്കാനും വിലയിരുത്താനും സമയം നല്‍കാതെ നടത്തുന്ന അഭിപ്രായ ശേഖരണം ജനങ്ങളെ വിഡ്ഢികളാക്കലാണെന്ന് ജനിതക മാറ്റം വരുത്തിയ വിളകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ പി.സി. കേശവന്‍ കുറ്റപ്പെടുത്തി. ജി.ഇ.എ.സി മേധാവി അമിതാ പ്രസാദിനയച്ച കത്തില്‍ ജി.എം കടുക് പാവപ്പെട്ട കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും തൊള്ളയിലേക്ക് കുത്തിയിറക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
ഈ വിള വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് മറച്ചുവെച്ച് മുന്നോട്ടുപോകുന്നത് ഗുരുതരമാണ്.

വിദഗ്ധരുമായി നിരന്തര ആശയവിനിമയം നടത്തി എല്ലാവിധ സാധ്യതകളും പരിശോധിക്കാതെ അനുമതി നീക്കവുമായി മുന്നോട്ടുപോകുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പൗരാവകാശ സംഘടനകള്‍ക്കുപുറമെ ജനതാദള്‍ -യു, ആം ആദ്മി പാര്‍ട്ടി, സംഘ്പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകളും ജി.എം വിളകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.