യു.എന്നില്‍ പാക്-ഇന്ത്യ വാക്പോര്

ന്യൂഡല്‍ഹി: സംഘര്‍ഷം മുന്‍നിര്‍ത്തി കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ വിഭാഗത്തിന്‍െറ ആവശ്യത്തിനുപിന്നാലെ, യു.എന്നില്‍ ഇന്ത്യ-പാകിസ്താന്‍ വാക്പോര്. ജമ്മു-കശ്മീരിലെയും പാക് അധീന കശ്മീരിലെയും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യു.എന്‍ സംഘത്തെ അനുവദിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമീഷണര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജമ്മു-കശ്മീരില്‍ ഇന്ത്യ യു.എന്‍ സംഘത്തെ എത്രത്തോളം അനുവദിക്കുന്നുവോ അതിന് തത്തുല്യമായ നിലയില്‍ പ്രവേശനാനുമതി നല്‍കാന്‍ തയാറാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. എന്നാല്‍, മൂന്നാംകക്ഷി ഇടപെടല്‍ ഇന്ത്യ തള്ളി.
യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇതിന്‍െറ തുടര്‍ച്ചയായാണ് ഇന്ത്യ-പാക് വാക്പയറ്റ് നടന്നത്. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്ന് പാകിസ്താനും പാക് അധീന കശ്മീരിലും ബലൂചിസ്താനിലും മനുഷ്യാവകാശങ്ങള്‍ പാകിസ്താന്‍ ബലികഴിക്കുന്നുവെന്ന് ഇന്ത്യയും കുറ്റപ്പെടുത്തി.
കശ്മീരില്‍ ശിക്ഷാഭയമില്ലാത്ത സംസ്കാരമാണ് ഇന്ത്യ കാട്ടുന്നതെന്ന് പാകിസ്താന്‍ പറഞ്ഞു. യു.എന്‍ സംഘത്തിന്‍െറ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ഇന്ത്യ, തങ്ങള്‍ക്ക് പലതും ഒളിക്കാനുണ്ടെന്നാണ് തെളിയിക്കുന്നത്. ഭീകരത ഭരണകൂട നയമായി പാകിസ്താന്‍ സ്വീകരിച്ചിരിക്കുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. സ്വന്തം പൗരന്മാര്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ ബലൂചിസ്താനില്‍ ലംഘിക്കുകയാണ്. പാകിസ്താനില്‍നിന്ന് ഉദ്ഭവിക്കുന്ന ഭീകരതയാണ് ജമ്മു-കശ്മീരിലെ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഇന്ത്യ വിശദീകരിച്ചു.
എന്നാല്‍, ‘ഇന്ത്യന്‍ അധീന കശ്മീരില്‍’ 1989നുശേഷം 98,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താന്‍ ആരോപിച്ചു. കശ്മീരി ജനതയുടെ ആഗ്രഹമറിയാന്‍ നിഷ്പക്ഷ ഹിതപരിശോധനക്ക് യു.എന്‍ ആഹ്വാനം ചെയ്ത കാര്യം ഇന്ത്യക്ക് നിഷേധിക്കാന്‍ കഴിയില്ല. 1989 മുതല്‍ അതിര്‍ത്തി കടന്നുള്ള ഭീകരത സ്പോണ്‍സര്‍ ചെയ്യുകയാണ് പാകിസ്താനെന്നായിരുന്നു ഇന്ത്യയുടെ മറുപടി. മേഖലയുടെ സ്ഥിരതക്ക് ഏറ്റവും വലിയ അപകടമായി പാകിസ്താന്‍ മാറിയിരിക്കുന്നു. ഭീകരതയുടെ പ്രഭവകേന്ദ്രമാവുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ പല രാജ്യങ്ങളും പാകിസ്താനോട് ആവശ്യപ്പെട്ടതാണ്. ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പാകിസ്താന്‍ ആദ്യം ചെയ്യേണ്ടത്.
ഇന്ത്യയുടെ അധിനിവേശരീതിയാണ് കശ്മീരിലെ ഭയാനക സാഹചര്യങ്ങള്‍ക്ക് കാരണമെന്ന് പാകിസ്താന്‍ പറഞ്ഞു. യുവനേതാവായ ബുര്‍ഹാന്‍ വാനിയുടെ ഖബറടക്ക ചടങ്ങില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കര്‍ഫ്യൂ വകവെക്കാതെ പങ്കെടുത്തതെന്നും പാകിസ്താന്‍ വിശദീകരിച്ചു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ യു.എന്‍ സമിതി വേദിയാക്കി മാറ്റുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ സംഘം പ്രതികരിച്ചു.
പാകിസ്താനിലെ ആഭ്യന്തര മനുഷ്യാവകാശ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അവര്‍ ഊര്‍ജം ചെലവഴിച്ചാല്‍ നന്നായെന്നും ഇന്ത്യ പറഞ്ഞു. യു.എന്‍ വേദിയില്‍ പ്രതികരിക്കാനുള്ള അവസരം അവസാനിച്ചതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നിലച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.