'അച്ഛേ ദിന്‍' ആദ്യം പറഞ്ഞത് മന്‍മോഹന്‍ സിങ് -നിതിൻ ഗഡ്കരി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്ത പ്രയോഗമായ 'അച്ഛേ ദിന്‍' എന്ന വാക്കിന്‍റെ ഉപജ്ഞാതാവ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങായിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇപ്പോള്‍ അത് എൻ.ഡി.എ സര്‍ക്കാരിന്‍റെ കഴുത്തിലെ തിരികല്ലായെന്നും ഗഡ്കരി പറഞ്ഞു.

അച്ഛേ ദിന്‍ എന്നത് ഒരാളുടെ വിശ്വാസത്തെ ആധാരമാക്കിയുള്ളതാണ്. ഡല്‍ഹിയില്‍ ഒരു പ്രവാസി സമ്മേളനത്തില്‍വെച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങാണ് അച്ഛേ ദിന്‍ ആയേംഗെ (നല്ല ദിവസങ്ങള്‍ വരും) എന്ന് ആദ്യമായി പ്രയോഗിച്ചത്. എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ ഭാവിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞതായും ഗഡ്കരി വ്യക്തമാക്കി. മോദി അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത് ഇപ്പോള്‍ തങ്ങളുടെ കഴുത്തില്‍ കെട്ടിയ തിരികല്ല് പോലെയായെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഞങ്ങളുടെ തൊണ്ടയില്‍ കുരുങ്ങിയ എല്ലാണ് അത്. നല്ല ദിനങ്ങള്‍ ഒരിക്കലും വരില്ലെന്ന് കരുതുന്ന അതൃപ്തരായ ആത്മാക്കളുടെ മഹാസമുദ്രമാണ് നമ്മുടെ രാജ്യം. ഒരാള്‍ക്ക് ഒരു സൈക്കിളുണ്ടെന്ന് കരുതുക. അയാള്‍ ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിക്കും. ബൈക്ക് വാങ്ങിയാല്‍ അടുത്ത ലക്ഷ്യം ഒരു കാറായിരിക്കും. അത് തെറ്റാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍, സമ്പന്നര്‍ പോലും തൃപ്തരല്ല. നല്ല ദിവസങ്ങള്‍ വന്നുവെന്ന് ആരും ഒരിക്കലും കരുതില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.