എന്‍.എസ്.ജി അംഗത്വം, നിരായുധീകരണം; ഇന്ത്യ-ചൈന ചര്‍ച്ച

ന്യൂഡല്‍ഹി: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള  ഇന്ത്യയുടെ നീക്കത്തിന് രണ്ടരമാസം മുമ്പ് തടസ്സം നിന്ന ചൈന ഇതേ അംഗത്വം സംബന്ധിച്ചും നിരായുധീകരണത്തെ കുറിച്ചും ഇന്ത്യയുമായി ചര്‍ച്ച നടത്തി. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ പ്രവേശിക്കാനുള്ള  ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കും വിധത്തിലാണ് ചര്‍ച്ച നടന്നത്.

എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രം പോരെന്നും ഇക്കാര്യത്തില്‍ ബഹുമുഖചര്‍ച്ചകള്‍ വേണമെന്നും ചൈന ഊന്നിപ്പറഞ്ഞു. ആയുധ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് ക്വിന്‍ നയിച്ച ചൈന പ്രതിനിധി സംഘവും വിദേശകാര്യ വകുപ്പിലെ നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയും സംബന്ധിച്ച വിഭാഗത്തിന്‍െറ ജോ. സെക്രട്ടറി അമന്‍ദീപ് സിങ് ഗില്ലിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘവുമാണ് ചൊവ്വാഴ്ച ചര്‍ച്ച നടത്തിയത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും  ആഗസ്റ്റ് 13ന്  നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് മുന്തിയ പരിഗണന നല്‍കിക്കൊണ്ടുള്ള  ചര്‍ച്ചക്ക് ധാരണയായിരുന്നു.  അതിന്‍െറ ഭാഗമായാണ് ഡല്‍ഹിയില്‍ ചര്‍ച്ചക്ക് വേദിയൊരുങ്ങിയതെന്ന് വിദേശകാര്യവകുപ്പിന്‍െറ പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രായോഗികവും സ്ഥിരവുമായ ചര്‍ച്ചകള്‍ക്ക് ഇത് വഴിതുറന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.