കര്‍ണാടക ബന്ദ്; ചരിത്രത്തിലാദ്യമായി ഐ.ടി മേഖല തടസ്സപ്പെട്ടു

ബംഗളൂരു: കര്‍ണാടക ബന്ദില്‍ ബംഗളൂരു, മൈസൂരു നഗരങ്ങളും കാവേരി മേഖലയും നിശ്ചലമായി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. മംഗളൂരു ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലും ഉത്തര കര്‍ണാടകയിലും ബന്ദ് ഭാഗികമായിരുന്നു. ചരിത്രത്തിലാദ്യമായി ബംഗളൂരുവില്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ വിവിധ കര്‍ഷക-കന്നട സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രണ്ടായിരത്തോളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബംഗളൂരുവില്‍ പൊതുഗതാഗത സംവിധാനം പൂര്‍ണമായും തടസ്സപ്പെട്ടു. മെട്രോ ട്രെയിനുകളും സര്‍വിസ് നടത്തിയില്ല. കടകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടന്നു. പ്രമുഖ ഐ.ടി സ്ഥാപനങ്ങളായ ഇന്‍ഫോസിസ്, വിപ്രോ ഉള്‍പ്പെടെ 400ഓളം മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തടഞ്ഞു. തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുടെ കോലം കത്തിച്ചു. നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കേബ്ള്‍ ടി.വി അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു. മാണ്ഡ്യയില്‍ ദേശീയപാതയില്‍ ടയര്‍ കത്തിച്ചും ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കെ.ആര്‍.എസ് അണക്കെട്ടിലേക്ക് അതിക്രമിച്ചുകയറിയ സമരക്കാരെ പിരിച്ചുവിടാന്‍ ചെറിയ തോതില്‍ ലാത്തിവീശി. ഏതാനും പേര്‍ക്ക് പരിക്കേറ്റു.
ബെള്ളാരിയില്‍ തമിഴ്നാട് ലോറികള്‍ക്കെതിരെ കല്ളെറിഞ്ഞു. തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള ബസുകള്‍ അതിര്‍ത്തിയില്‍ സര്‍വിസ് അവസാനിപ്പിച്ചു. ബംഗളൂരുവില്‍നിന്നുള്ള കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വിസുകളും റദ്ദാക്കി. തര്‍ക്കം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.